Connect with us

National

സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞു; ഇന്റര്‍നെറ്റ് ബന്ധം തകരാറില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുാമയി ബന്ധിപ്പിക്കുന്ന സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം താറുമാറായി. ഇന്ത്യയിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിന്റേതുള്‍പ്പെടെ വിവിധ കമ്പനികളുടെ ഇന്റര്‍നെറ്റ് ശേഷി കുറഞ്ഞിരിക്കുകയാണ്. ബി എസ് എന്‍ എല്ലിന്റെ രാജ്യന്തര ബേന്‍ഡ് വിഡ്ത്ത് 21 ശതമാനം കുറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് പ്രധാന കേബിളുകള്‍ക്കാണ് തകരാറ് സംഭവിച്ചത്. സീ-മീ-വി-4, ഐ എം ഇ ഡബ്ല്യൂ ഇ, ഇ ഐ ജി എന്നിവയാണ് തകരാറിലായ കേബിള്‍ സംവിധാനങ്ങള്‍. ബി എസ് എന്‍ എല്ലിനും എം ടി എന്‍ എല്ലനും പുറമെ ഭാരതി ടെലികോം, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് കമ്പനികളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഐ എം ഇ ഡബ്ല്യൂ ഇ, സീ-മീ-വി-4 കേബികളുകളുടെ നിയന്ത്രണം ടാറ്റാ കമ്മ്യൂണിക്കേഷന്‍സിനാണ്. ഇന്ത്യയെ യൂറോപ്പുമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നത് ഐ എം ഇ ഡബ്ല്യൂ ഇ കേബിള്‍ ശൃംഖലയാണ്. തെക്കുകിഴക്കന്‍ ഏഷ്യയെ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാനാണ് സീ-മീ-വി-4 കേബിള്‍ ഉപയോഗിക്കുന്നത്.
ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പ്രശ്‌നം എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്ന് ബി എസ് എന്‍ എല്‍ വൃത്തങ്ങള്‍ അറിയിച്ചു. കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് അറ്റ്‌ലാന്റിക് സമുദ്രം വഴിയുള്ള ഇന്റര്‍നെറ്റ് ട്രാഫിക്ക് പസഫിക് വഴി ഗതിമാറ്റിയാണ് ടെലികോം കമ്പനികള്‍ താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യക്ക് കാര്യമായി ഗുണം ചെയ്യില്ല.