തിരിച്ചുവരുന്നവര്‍ക്ക് മുന്നില്‍ കൈ മലര്‍ത്തരുത്

Posted on: April 1, 2013 5:46 am | Last updated: April 1, 2013 at 1:50 am

മലയാളിയുടെ അടുപ്പില്‍ എണ്ണപ്പാടം പകര്‍ന്ന അഗ്നി അണയുകയാണോ? ഗള്‍ഫിന്റെ പത്രാസില്‍ ഉടുത്തൊരുങ്ങി മാനം മുട്ടെ അഭിമാനവുമായി നടന്നവര്‍, മുന്നില്‍ വന്നുപെട്ട ഗര്‍ത്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണോ? അറബിപ്പൊന്നില്‍ ഊതിവിര്‍പ്പിച്ച ബലൂണെന്ന് അമര്‍ത്യാ സെന്‍ പോലും വിശേഷിപ്പിച്ച കേരളത്തിന്റെ സമ്പദ്ഘടന പൊട്ടിത്തെറിയുടെ വക്കിലാണോ? പോയ വാരം മലയാള വാര്‍ത്താ മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശരാശരി മലയാളിയുടെ മനസ്സില്‍ അറിയാതെ കടന്നുവരുന്ന ചോദ്യങ്ങളാണിവ.

ലോഞ്ചും ഉരുവും കയറി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കടല്‍ കടന്നവരാണ് മുന്‍ പ്രവാസികള്‍. അവര്‍ രൂപപ്പെടുത്തിയത് വലിയൊരു സാമൂഹിക മാറ്റമായിരുന്നു. ഒരു വലിയ സംസ്‌കാരമായിരുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പട്ടിണി മാറ്റിയെന്ന് മാത്രമല്ല, നമ്മുടെ ഭരണകൂടത്തിന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത സാമൂഹിവികസന മുന്നേറ്റത്തിന്റെ ചാലകശക്തിയാകാന്‍ ഗള്‍ഫ് മരുഭൂമികളില്‍ വീണ വിയര്‍പ്പുതുള്ളികള്‍ക്ക് കഴിഞ്ഞു.
മുന്‍ഗാമികളുടെ പാതയിലൂടെ തന്നെ അവരുടെ പിന്‍മുറക്കാരും സഞ്ചരിച്ചതോടെ ഗള്‍ഫ് നാടുകളിലെല്ലാം കേരളത്തിലെ കൊച്ചുകൊച്ചു ഗ്രാമങ്ങള്‍ രൂപപ്പെട്ടു. ഒരു വിപ്ലവമായി അത് മാറിക്കൊണ്ടിരുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഇതിനൊപ്പം അതിവേഗം വളര്‍ന്നു. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ന് കേള്‍ക്കുന്നത് കണ്ണീര്‍ കഥകളാണ്.
സഊദിയിലെയും കുവൈത്തിലെയും ഒമാനിലെയും ബഹ്‌റൈനിലെയും സ്വദേശിവത്കരണം പ്രവാസികളുടെ നെഞ്ചില്‍ ആണിയടിക്കുകയാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ അറബ് രാഷ്ട്രങ്ങളെയും ലക്ഷ്യമിടുമെന്ന തോന്നല്‍ വന്നതോടെ സ്വന്തം ജനതയെ പിടിച്ചുനിര്‍ത്തേണ്ടത് അവിടുത്തെ ഭരണാധികാരികളുടെ അനിവാര്യതയായിരിക്കുന്നു. നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യം കൂടുന്നതും ഇതു കൊണ്ടു തന്നെ.
ഫ്രീ വിസയിലും സ്‌പോണ്‍സര്‍ മാറിയും തൊഴിലെടുക്കുന്ന ലക്ഷങ്ങള്‍ കണ്ണീരുമായി കഴിയുന്നു. ആശങ്കപ്പെടേണ്ടെന്ന് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ ആവര്‍ത്തിച്ച് ആണയിടുമ്പോഴും പ്രതിസന്ധിയുണ്ടെന്ന കാര്യം അവരും സമ്മതിക്കുന്നു. മാധ്യമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന ഭരണകൂടം ഇങ്ങനെയൊരു വാര്‍ത്ത വരും വരെ കൈയും കെട്ടി ഇരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
കണ്ണഞ്ചിപ്പിക്കുന്ന എണ്ണപ്പണത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്. അവര്‍ അനുഭവിക്കുന്ന വേദനയും യാതനയും പറഞ്ഞും കരഞ്ഞും തീര്‍ത്തു. പരിഹാരം ആരുമുണ്ടാക്കിയില്ല. നാമമാത്ര പെന്‍ഷനിലും ചികിത്സാ സഹായത്തിലും പ്രവാസിക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ചും ഭരണകൂടങ്ങള്‍ സായൂജ്യം കണ്ടെത്തി.
എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയുമായി കഴിയുന്ന കേരളത്തിന്റെ സമ്പദ്ഘടനയെ ഇന്നുവരെ പിടിച്ചു നിര്‍ത്തിയവരോട് നമ്മുടെ ഭരണകൂടം നീതി ചെയ്‌തോയെന്നു ചോദ്യത്തിന് നെഞ്ചില്‍ കൈവെച്ച് എത്ര പേര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും. ഇടതും വലതും ഇതില്‍ കൂട്ടുപ്രതികളാണ്.
ഉത്പാദന രംഗത്ത് കാര്യമയൊന്നും അവകാശപ്പെടാനില്ലാത്ത കേരളത്തെ പിടിച്ചു നിര്‍ത്തിയവരോട് തിരിച്ചാരും കരുണ കാണിച്ചില്ല. നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് മാത്രം മതി പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ എത്ര മാത്രം പിടിച്ചു നിര്‍ത്തുന്നുവെന്ന് മനസ്സിലാക്കാന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 55,000 കോടി രൂപ പ്രവാസിമലയാളികള്‍ കേരളത്തിലേക്ക് അയച്ചെന്നാണ് കണക്ക്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.8 ശതമാനം കൂടുതലാണിത്. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിന്റെ 5.5 മടങ്ങും സംസ്ഥാനത്തെ പദ്ധതിയേതര ചെലവിന്റെ 2.3 മടങ്ങുമാണിത്. സംസ്ഥാനത്തെ ബേങ്കുകളിലുള്ള പ്രവാസി നിക്ഷേപം ഉപയോഗിച്ചാല്‍ മാത്രം കേരളത്തിന്റെ കടബാധ്യതയുടെ 60 ശതമാനവും നികത്താമെന്നാണ് കണക്കുകള്‍. ബേങ്കേഴ്‌സ് സമിതി കഴിഞ്ഞ വാരം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 62,708 കോടി രൂപയാണ് പ്രവാസി നിക്ഷേപം. 2012 മാര്‍ച്ചിനു ശേഷം 14,254 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.371 കോടിയാണ്. ആകെ പ്രവാസി നിക്ഷേപം 62,708 കോടി രൂപയും. ദേശീയ ശരാശരിയുടെ 31 ശതമാനം വരുമിത്. കേരളത്തിന്റെ സമ്പദ് ഘടന നിയന്ത്രിക്കുന്നതില്‍ പ്രവാസി മലയാളികള്‍ ചെലുത്തുന്ന സ്വാധീനം ഇതില്‍ തന്നെ വ്യക്തം.
സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ നേരിട്ടും അതിന്റെ പതിന്മടങ്ങ് പരോക്ഷമായും പ്രവാസികളെ ആശ്രയിച്ച് കഴിയുന്നവരാണ്. അതുകൊണ്ടു തന്നെയാണ് സ്വദേശിവത്കരണ വാര്‍ത്തകളെ ആശങ്കയോടെ ഉറ്റുനോക്കുന്നതും.ഈ കണക്കുകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് പ്രവാസികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതിരിക്കാനാകില്ല. ആശങ്കപ്പെടേണ്ടെന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം പരിഹാര മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ഗള്‍ഫ് ജോലി തേടാനുള്ള പോര്‍ട്ടലിനൊപ്പം മടങ്ങി വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സമഗ്രമായ പാക്കേജ് വേണം. ചികിത്സാ സഹായവും വിവാഹ ധനസഹായവും നല്‍കിയതു കൊണ്ട് ഇന്നലെ വരെ നമ്മെ ഊട്ടി ഉറക്കിയവരുടെ വിശപ്പ് അടങ്ങില്ല. അവര്‍ക്ക് വേണ്ടത് ജീവിക്കാനുള്ള സാഹചര്യമാണ്. ഈ അവസരം അതിനുവേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഭരിക്കുന്നവര്‍ നാളെ അതിന് കണക്ക് പറയേണ്ടി വരും.

[email protected]