കാമരാജ് യൂണിവേഴ്‌സിറ്റി കോഴ്‌സിന് ഒമാന്‍ മന്ത്രാലയത്തിന്റെ അംഗീകാരമില്ല

Posted on: April 1, 2013 11:13 am | Last updated: April 1, 2013 at 11:13 am

kamaraj ucityമസ്‌കത്ത്: ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ ബി കോം കോഴ്‌സിന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമില്ല. മൂല്യ പരിശോധനയില്‍ മികവു പുലര്‍ത്താത്തിനെത്തുടര്‍ന്ന് മന്ത്രാലയം മൂല്യപരിശോധനാ കമ്മിറ്റി അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനിച്ച കോളജുകളുടെയും കോഴ്‌സിന്റെയും പട്ടികയിലാണ് കാമരാജ് യൂണിവേഴ്‌സിറ്റിയും ഉള്‍പെട്ടിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും മന്ത്രാലയം അംഗീകാരം നിഷേധിച്ചിട്ടുണ്ട്. രാജ്യത്തു പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതിരിക്കുകയും വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്താതിരിക്കുകയും ചെയ്ത സ്ഥാപനങ്ങളെയാണ് തരം താഴ്ത്തിയിരിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസം മികച്ചതാക്കുന്നതിന്റെ ഭാഗമാണ് മൂല്യ പരിശോധനയും നടപടിയുമെന്ന് മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു.
ചാള്‍സ് യൂണിവേഴ്‌സിറ്റി പ്രാഗ്വെ, മൈസാര്‍ക് യൂണിവേഴ്‌സിറ്റി ചെക്, ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രാഗ്വെ, ബ്രണോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഒസ്ട്രാവ എന്നീ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍ക്കാണ് അനുമതി നിഷേധിച്ചത്. സണ്‍വേ യൂണിവേഴ്‌സിറ്റി കോളജ് മലേഷ്യ ബ്രിട്ടണിലെ പോര്‍സ്റ്റ്മൗത്ത് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയിരുന്നു ബിസിനസ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിഗ്രി, ബ്രിട്ടണിലെ തന്നെ നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഫാഷന്‍ ബി എ, ഫ്രാന്‍സിലെ തുലൂസ് ബിസിനസ് സ്‌കൂള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം തുടങ്ങിയ കോഴ്‌സുകള്‍ക്കും അംഗാകരം നഷ്ടപ്പെട്ടിട്ടുണ്ട്.
ഐന്‍ ശംസ് യൂണിവേഴ്‌സിറ്റി ഈജിപ്തിന്റെ മാനേജ്‌മെന്റ് സയന്‍സ് ഡിപ്ലോമ, ബ്രിട്ടണ്‍ ട്രിണിറ്റി കോളജ് യൂണിവേഴ്സ്റ്റിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, ഈജിപ്ത് ഐന്‍ ശംസ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്ട് ഡിവിഷന്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് ബിരുദം, സുഡാനിലെ നൈല്‍ വാലി യൂണിവേഴ്‌സിറ്റി ബിരുദം തുടങ്ങിയ കോഴ്‌സുകള്‍ക്കും കാമരാജ് യൂണിവേഴ്‌സിറ്റി കോമേഴ്‌സ് ബിരുദത്തിനൊപ്പം അംഗീകാരം വിലക്കിയിട്ടുണ്ട്. ചില യൂണിവേഴ്‌സിറ്റികളുടെ പ്രത്യേക വര്‍ഷത്തെ കോഴ്‌സുകള്‍ക്കു മാത്രമായും വിലക്കുണ്ട്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന വിദേശ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടും മുമ്പ് അവയുടെ ആധികാരികതയെക്കുറിച്ചും നിലാവരത്തെക്കുറിച്ചും ഔദ്യോഗികമായി തന്നെ അന്വേഷണം നടത്തിയിരിക്കണമെന്നും കുട്ടികളുടെ വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നും മന്ത്രാലയം രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും അഭ്യര്‍ഥിച്ചു.