Connect with us

Ongoing News

മോഡിയുമായി കൂടിക്കാഴ്ച: യു എസ് സംഘം പണം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ട്‌

Published

|

Last Updated

ചിക്കാഗോ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമേരിക്കയിലേക്ക് ക്ഷണിച്ച യു എസ് സംഘം വന്‍തോതില്‍ പണം കൈപ്പറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. യു എസ് പാര്‍ലിമെന്റംഗങ്ങളും വ്യവസായ പ്രതിനിധികളുമാണ് അഹമ്മദാബാദിലെത്തി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിനിധി സംഘത്തിലെ ഓരോ അംഗവും മൂവായിരം മുതല്‍ പതിനാറായിരം വരെ ഡോളര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് ചിക്കാഗോയില്‍ നിന്നുള്ള “ഹായ് ഇന്ത്യ” പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യു എസ് പ്രതിനിധി സംഘവുമായുള്ള മോഡിയുടെ കൂടിക്കാഴ്ച വിവാദത്തിന് തിരി കൊഴുത്തിയിരിക്കയാണ്. യു എസ് അധോസഭയിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇന്ത്യ സന്ദര്‍ശിച്ചത്. നാല് പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ്.
ചിക്കാഗോയിലെ ബിസിനസുകാരന്‍ സ്ഥാപിച്ച ദ നാഷനല്‍ ഇന്ത്യന്‍ അമേരിക്കന്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ ഐ എ പി പി ഐ) ആണ് യാത്രക്ക് പണം മുടക്കിയത്. സംഘം മോഡിയുടെ ഭരണത്തെ പ്രശംസിക്കുകയും യു എസിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യ തടയാന്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2005 മുതല്‍ മോഡിക്ക് യു എസ് വിസ നിഷേധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ക്ഷണം.
വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്കോ ന്യൂഡല്‍ഹിയിലെ യു എസ് എംബസിക്കോ യാത്രയുമായി ബന്ധമുണ്ടായിരുന്നില്ല. പഞ്ചാബില്‍ നിന്നുള്ള എന്‍ ആര്‍ ഐ ആയ ശലഭ് കുമാറാണ് യാത്ര തയ്യാറാക്കിയതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പിയുമായി ബന്ധമുള്ളയാളാണ് കുമാര്‍. സെവന്‍ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഇക്കോണമി ക്ലാസ് എന്നിങ്ങനെ മൂന്ന് അവസരങ്ങളാണുണ്ടായിരുന്നത്. ആദ്യത്തേതിന് ഒരാള്‍ക്ക് പതിനാറായിരം ഡോളറാണ് ചെലവ്. ഫോര്‍ സ്റ്റാറിന് പതിനായിരം ഡോളറും ഇക്കണോമിക്ക് മൂവായിരം ഡോളറുമാണ് ചെലവ്. പാര്‍ലിമെന്റംഗങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന് ശക്തമായ നിയമങ്ങളാണ് യു എസിലുള്ളത്.
മോഡിയെ സന്ദര്‍ശിച്ച സംഘം ഉദയ്പൂരിലെ കൊട്ടാരം, തിരുപ്പതി, താജ് മഹല്‍, ജയ്പൂരിലെ രംബാഗ് കൊട്ടാരം, അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അത്താഴ വിരുന്നും സംഘത്തിന് നല്‍കിയിരുന്നു.
അതേസമയം മോഡിക്ക് വിസയും വികസന സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പണം നല്‍കേണ്ടി വന്നത് രാജ്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. ഒമ്പത് ലക്ഷം നല്‍കുകവഴി മോഡിക്ക് യു എസ് വിസയും വികസന സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുന്നത്. ഈ പണം ഗുജറാത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ വിനിയോഗിച്ചാല്‍ ഗുണപ്രദമായിരുന്നു. മോഡിയെ മാര്‍ക്കററ് ചെയ്യാന്‍ ആഗോള പബ്ലിക് റിലേഷന്‍സ് ടീമിന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. മോഡിയുടെ നടപടി അപഹാസ്യമാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മൊദ്‌വാദിയയും കുറ്റപ്പെടുത്തി. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം യു എസ് കോണ്‍ഗ്രസ് അംഗങ്ങളും എന്‍ ആര്‍ ഐ ശലഭ്കുമാറും നിഷേധിച്ചു.