Connect with us

Thiruvananthapuram

ജയില്‍ ബാന്‍ഡ് റെഡി; ചപ്പാത്തിക്ക് പിന്നാലെ ഇനി പൂജപ്പുര സംഗീതവും

Published

|

Last Updated

തിരുവനന്തപുരം: രൂചിയൂറും ഭക്ഷണ വിഭവങ്ങള്‍ക്ക് പിന്നാലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സംഗീതത്തിന്റെ ഈരടികള്‍. ജയിലിലെ അന്തേവാസികളില്‍ ചിലരെ കോര്‍ത്തിണക്കിക്കൊണ്ടുള്ള മ്യൂസിക് ട്രൂപ്പാണ് ജയിലില്‍ നിന്നുള്ള പുതിയ പരീക്ഷണം. ട്രൂപ്പിന്റെ ഉദ്ഘാടനം ഇന്നലെ ജയില്‍ വളപ്പില്‍ നടന്നു. ജയിലിലെ അന്തേവാസികളില്‍ പലരും നന്നായി പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നവരാണ്. മുമ്പ് ഗാനമേള ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമുണ്ട്. ഇതു മനസിലാക്കിയ ജയില്‍ സൂപ്രണ്ട് ബി പ്രദീപാണ് മ്യൂസിക് ട്രൂപ്പ് എന്ന ആശയം മുന്നോട്ടു വച്ചത്. 10 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ജയിലില്‍ സംഘടിപ്പിച്ച പല ചടങ്ങുകളിലും ഇവര്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രൂപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പ്രദീപ് പറഞ്ഞു. തീഹാര്‍ ജയിലിന്റേയും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിന്റേയും പാത പിന്‍തുടര്‍ന്നാണ് പൂജപ്പുര ജയില്‍ അധികൃതര്‍ മ്യൂസിക് ട്രൂപ്പ് സജ്ജീകരിക്കുന്നത്.
കുറ്റവാളികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകുന്നതില്‍ നിന്നും ഏകാന്തതയില്‍ നിന്നും വിമുക്തി നേടാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകും. ജയിലില്‍ നിന്നും പുറത്തിറങ്ങിയാലും ഇത് അവര്‍ക്ക് ഉപജീവനമാര്‍ഗമാക്കാന്‍ സാധിക്കും. കൊല്ലത്തു പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ടെലഫോണ്‍ പ്രേയര്‍ മിനിസ്ട്രിയാണ് ട്രൂപ്പിന് ആവശ്യമായ വാദ്യോപകരണങ്ങള്‍ നല്‍കി സഹായിക്കുന്നത്. ഈസ്റ്റര്‍ ദിനങ്ങളില്‍ ജയിലില്‍ പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഈ ചാരിറ്റബിള്‍ സൊസൈറ്റി പുതിയ സംരഭത്തെക്കുറിച്ചറിഞ്ഞ് സഹായിക്കാന്‍ തയ്യാറാകുകയായിരുന്നു. ഇന്നലെ നടന്ന ചടങ്ങില്‍ ആറു ലക്ഷം രൂപ വിലവരുന്ന വാദ്യോപകരണങ്ങളാണ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമനാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് ട്രൂപ്പ് രൂപീകരിച്ചശേഷമുള്ള ആദ്യ ഗാനം ആലപിച്ചു. കീ ബോര്‍ഡ്, ഗിത്താര്‍, വയലിന്‍, തബല, ഡ്രംസെറ്റ്, റൈം പാഡ്, ഫഌട്ട് , സൗണ്ട് സിസ്റ്റം തുടങ്ങിയവ യാണ് നല്‍കിയത്. ജയിലിനു പുറത്തുള്ള പരിപാടികള്‍ നടത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും ജയില്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.