ഡി എസ് പിയുടെ കൊലപാതകം: രാജ ഭയ്യയുടെ അനന്തരവനെ സി ബി ഐ ചോദ്യം ചെയ്തു

Posted on: March 31, 2013 3:23 am | Last updated: March 31, 2013 at 3:23 am
SHARE

cbiലക്‌നോ: ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢില്‍ ഡി എസ് പി വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ സി ബി ഐയുടെ നിരീക്ഷണത്തിലുള്ള രഘുരാജ് പ്രതാപ് സിംഗെന്ന രാജ ഭയ്യക്കുള്ള കുരുക്കുകള്‍ മുറുകുന്നു. രാജ ഭയ്യയുടെ അനന്തരവനും നിയമസഭാ കൗണ്‍സില്‍ അംഗവുമായ അക്ഷയ് പ്രതാപ് സിംഗിനെ സി ബി ഐ ചോദ്യം ചെയ്തു. അതിനിടെ, ഇന്നലെ രാജ ഭയ്യ ഭീഷണിപ്പെടുത്തുന്നുവെന്ന് കൊല്ലപ്പെട്ട ഗ്രാമത്തലവന്‍ നാനെ യാദവിന്റെ ബന്ധുക്കള്‍ സി ബി ഐക്കും പരാതി നല്‍കി. നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു. ഗ്രാമത്തലവന്‍ നാനെ യാദവും സഹോദരനും കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞ് പ്രതാപ്ഗഢിലെത്തിയപ്പോഴാണ് കുണ്ഡ ഡി എസ് പി സിയാഉല്‍ ഹഖ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ മൂന്ന് കൊലപാതകങ്ങളും സി ബി ഐയാണ് അന്വേഷിക്കുന്നത്.
സംഭവം നടന്ന ദിവസം എവിടെയാണെന്നതിനെ സംബന്ധിച്ച് അക്ഷയ് പ്രതാപിനോട് വിശദമായി ചോദിച്ചറിഞ്ഞുവെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമത്തലവന്റെ ഇളയ സഹോദരന്‍ പവനാണ് സി ബി ഐക്ക് പരാതി നല്‍കിയത്. രാജ ഭയ്യയുടെ രാഷ്ട്രീയ ബന്ധങ്ങളെ തങ്ങള്‍ ഭയക്കുന്നതായും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പവന്റെ പരാതിയില്‍ പറയുന്നു. ‘തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സി ബി ഐയോട് വല്ലതും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് രാജ ഭയ്യ ഞങ്ങളെ വിളിച്ച് പറഞ്ഞു. വായ തുറന്നാല്‍ മറ്റുള്ളവരും അനുഭവിക്കേണ്ടിവരുമെന്ന് പിതാവിനെയും കുടുംബത്തിലെ മറ്റൊരു സ്ത്രീയെയും ഭീഷണിപ്പെടുത്തി. ഞങ്ങള്‍ക്ക് സുരക്ഷ ആവശ്യമാണ്. ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍ രാജ ഭയ്യ ആയിരിക്കും ഉത്തരവാദി.’ -നാനെ യാദവിന്റെ സഹോദരന്‍ പവന്‍ പറഞ്ഞു. ബേട്ടി തടാകത്തില്‍ പക്ഷി സങ്കേതം നിര്‍മിക്കുന്നതിന്റെ കരാര്‍ നല്‍കിയതിന് 2003ല്‍ രാജ ഭയ്യ തന്റെ പിതാവിനെ മര്‍ദിച്ചിരുന്നു. കുണ്ഡയിലെ രാജ ഭയ്യയുടെ രാജകീയ വസതിക്ക് സമീപമാണ് തടാകം. ഗ്രാമത്തലവന്റെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് സുരക്ഷ ആവശ്യപ്പെടുകയും വിവരം സി ബി ഐയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പവന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് കൊലപാതകങ്ങള്‍ ഉണ്ടായത്. ഗ്രാമത്തലവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് അറിഞ്ഞെത്തിയതായിരുന്നു സിയാഉല്‍ ഹഖ്. രോഷാകുലരായ ജനക്കൂട്ടം ഹഖിനെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് വെടിയേറ്റ് മരിക്കുകയുമായിരുന്നു. കൂടെ വന്ന പോലീസുകാരാണ് ഹഖിനെ പിടിച്ചുവെച്ചതെന്നും സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിയാഉല്‍ ഹഖിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് രാജ ഭയ്യ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കേസിലെ പുരോഗതി തടയാനാണ് ഗ്രാമത്തലവന്റെ കുടുംബങ്ങളെ രാജ ഭയ്യ ഭീഷണിപ്പെടുത്തിയത്. ഈ കേസുകളുമായി ബന്ധപ്പെട്ട് രാജ ഭയ്യയുടെ അടുത്ത സഹായി ഗുദ്ദു സിംഗ് അറസ്റ്റിലായിതോടെയാണ് ഭീഷണി ഉയര്‍ന്നത്. പ്രതാപ്ഗഢ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പ്രധാന കുറ്റാരോപിതനാണ് ഗുദ്ദു സിംഗ്.