Connect with us

Kerala

ചെറുകിട ബക്കാലകളും ബൂഫിയകളും അടച്ചുപൂട്ടേണ്ടിവരും

Published

|

Last Updated

മലപ്പുറം: സഊദി സര്‍ക്കാറിന്റെ നിതാഖാത് നിയമം ഏറെ രൂക്ഷമായി ബാധിക്കുക ചെറുകിട സ്ഥാപനങ്ങളെ. പത്തില്‍ താഴെ തൊഴിലാളികളുള്ള വിദേശികളുടെ കടകളില്‍ ഒരു സ്വദേശിയെ ജോലിക്കു നിയമിക്കണമെന്നാണ് നിയമം. വന്‍കിട കമ്പനികളെ നിയമം വലിയ തോതില്‍ ബാധിക്കില്ല. ബക്കാല (പല ചരക്കുകട), ബൂഫിയ (ചായക്കട) എന്നീ ചെറുകിട സ്ഥാപനങ്ങളിലാണ് കൂടുതല്‍ മലയാളികളും തൊഴിലെടുക്കുന്നത്. ഇവിടങ്ങളിലെല്ലാം തൊഴിലെടുക്കാനുണ്ടാകുക രണ്ടോ മൂന്നോ മലയാളികളോ അല്ലെങ്കില്‍ മറ്റു വിദേശികളോ മാത്രമായിരിക്കും. 1,500 റിയാല്‍ വീതമാണ് ഇവര്‍ക്ക് ശമ്പളം. അതായത് രണ്ട് വിദേശികളുള്ള കടയില്‍ വേതനമായി നല്‍കേണ്ടത് 3,000 റിയാല്‍. ഈ ശമ്പളത്തിനു പുറമെ ആയിരമോ രണ്ടായിരമോ റിയാലായിരിക്കും കട നടത്തുന്ന വിദേശിയുടെ ലാഭം. എന്നാല്‍ നിതാഖാത് പ്രകാരം ഒരു സ്വദേശിയെക്കൂടി നിയമിക്കുമ്പോള്‍ മിനിമം വേതനമായി അയാള്‍ക്ക് 3,000 സഊദി റിയാല്‍ നല്‍കേണ്ടിവരും. ഇതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാകും.

സഊദിയില്‍ ലക്ഷണക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നതിനാല്‍ സ്വദേശിവത്കരണം ഇവരെ സാരമായി ബാധിക്കും. കടകളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളെ ചുവപ്പു വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ചുവപ്പില്‍ പെട്ടാല്‍ പിന്നീടു തൊഴില്‍ പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കില്ല. അതോടെ വിദേശിക്കു നാട്ടിലേക്കു തിരിച്ചുപോകേണ്ടി വരും. നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ 20 ലക്ഷത്തോളം വിദേശികള്‍ക്കു മടങ്ങേണ്ടിവരുമെന്നാണ് സൂചന. ഇത് മലയാളികളെയാകും കൂടുതല്‍ ബാധിക്കുക. ബൂഫിയകളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും സഊദി പൗരന്‍മാര്‍ ജോലി ചെയ്യാന്‍ തയ്യാറല്ല. അതിനാല്‍ വിദേശികളെത്തന്നെ ഇവിടെ ജോലിക്കു നിര്‍ത്തേണ്ടി വരും.
സഊദിയില്‍ 3,40,000 ചെറുകിട സ്ഥാപനങ്ങളില്‍ ഒരു സഊദി പൗരന്‍പോലും ജോലി ചെയ്യുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. നിതാഖാത് നിയമം കര്‍ശനമാക്കിയാലും ഈ സ്ഥാപനങ്ങളിലെല്ലാം ജോലിക്കു സ്വദേശികളെ ലഭിക്കണമെന്നില്ല. കാരണം മിനിമം വേതനമായ 3,000 റിയാലിന് എവിടെയങ്കിലും ജോലി ചെയ്യാന്‍ സഊദി പൗരന്‍ തയാറാകില്ല.
എന്നാല്‍ ചെറു സ്ഥാപനങ്ങളില്‍ സഊദി സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ക്കും സഊദി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയുമുണ്ട്. ഈ മാസം 27 ന് നിതാഖാത് നടപ്പിലാക്കാത്തവര്‍ക്കു പദവി ശരിയാക്കാനുള്ള സമയം അവസാനിച്ചിരുന്നു. നിതാഖാതില്‍ ചുവപ്പ്, പച്ച, മഞ്ഞ എന്നീ വിഭാഗങ്ങളാണുള്ളത്. സ്വദേശിവത്കരണം നടപ്പാക്കാത്തതാണ് ചുവപ്പ് വിഭാഗം. കുറഞ്ഞ തോതില്‍ സ്വദേശിവത്കരണം ഉള്ളത് മഞ്ഞ വിഭാഗവും നിയമം അനുശാസിക്കുന്ന വിധത്തില്‍ വിദേശിയെ ഉള്‍പ്പെടുത്തിയത് പച്ച വിഭാഗവുമാണ്. ചുവപ്പിലുള്ളവര്‍ പച്ചയിലേക്കു മാറണമെന്നാണ് സഊദി സര്‍ക്കാറിന്റെ നിര്‍ദേശം. വന്‍കിട സ്ഥാപനങ്ങളില്‍ പലതും ഈ നിയമം പാലിച്ചുവരുന്നുണ്ട്.
നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്താല്‍ അതു മലബാര്‍ മേഖലയെയാകും കൂടുതല്‍ ബാധിക്കുക. സഊദിയിലെ മലയാളികളില്‍ കൂടുതലും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടങ്ങളില്‍ നിന്ന് 14,99,865 പ്രവാസികള്‍ വിവിധ രാജ്യങ്ങളിലുണ്ട്. ഇവരില്‍ പകുതിയോളം സഊദിയിലാണ്. നിയമം മൂലം മടങ്ങിവരവ് തുടങ്ങിയാല്‍ അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയേയും ബാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ വരുമാനത്തിന്റെ 1.6 ഇരട്ടിയും കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ള റവന്യൂ ട്രാന്‍സ്ഫറിന്റെ 6.2 ഇരട്ടിയുമാണ് പ്രവാസി വരുമാനമായി കേരളത്തിനു ലഭിക്കുന്നത്.

Latest