ബജറ്റ് വിമാനം തുടങ്ങാന്‍ ഒമാന്‍ എയര്‍ തയാറെടുക്കുന്നു

Posted on: March 31, 2013 2:58 pm | Last updated: March 31, 2013 at 2:58 pm

മസ്‌കത്ത് : ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ബജറ്റ് വിമാനം ആരംഭിക്കുന്നു. ബജറ്റ് വിമാനം ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ചു പഠനം ആരംഭിച്ചതായും അടുത്ത വര്‍ഷത്തോടെ പഠനം പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്നും ഒമാന്‍ എയര്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ ദാര്‍വീശ് ബിന്‍ ഇസ്മാഈല്‍ ബലൂഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ചും പഠനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.   യു എ ഇ, സഊദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ബജറ്റ് വിമാനങ്ങള്‍ വിജയകരമായി നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിനോദ സഞ്ചാരികള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒമാനില്‍നിന്നും ബജറ്റ് വിമാനത്തെക്കുറിച്ച് പഠനം നടത്തുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തിനകം 20 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ ആറു ബോയിംഗ് 8787 വിമാനങ്ങളും 11 ബോയിംഗ് 737 വിമാനങ്ങളും മൂന്ന് എയര്‍ബസ് എ 330 വിമാനങ്ങളുമാണുണ്ടാകുക. ഈ വര്‍ഷം മെയ് മാസത്തോടെ ജക്കാര്‍ത്ത, മനില എന്നീ പുതിയ രണ്ടു നഗരങ്ങളിലേക്കു കൂടി സര്‍വീസ് നടത്തും. കസബ്‌ലാന്‍കയും പരിഗണനയിലാണ്. സലാലയിലേക്കുള്ള വിമാനം പ്രതിദിനം നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്, പാരീസ്, മിലന്‍ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിക്കുന്നത് കമ്പനിയുടെ പരിഗണനയിലാണ്. സലാലയില്‍നിന്നും മസ്‌കത്തിലേക്ക് 50 റിയാലിനും മസ്‌കത്ത്-കസബ് വിമാനത്തിന് 30 റിയാലിനും വര്‍ഷം മുഴുവന്‍ ടിക്കറ്റ് ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ഒമാന്‍ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പെടുത്തി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതായി മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ ഒമാന്‍ എയര്‍ മുഖ്യ പങ്കു വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം 4,430,383 യാത്രക്കാരെയാണ് ഒമാന്‍ എയര്‍ വിമാനങ്ങള്‍ വഹിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 17 ശതമാനം കൂടുതലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ വിമാനങ്ങളില്‍ നിറഞ്ഞ സീറ്റുകള്‍ 77 ശതമാനമായിരുന്നു. വിമാനത്തിലെ കാര്‍ഗോ നീക്കത്തിലും വലിയ മാറ്റമുണ്ടായി. 29 ശതമാനം വര്‍ധനവാണ് മുന്‍ വര്‍ഷത്തേക്കാള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കമ്പനിയില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉയര്‍ന്ന തസ്തികകളിലും ഒമാനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിനും കമ്പനി വന്‍തുക ചെലവിടുന്നു. കമ്പനിയിയില്‍ സ്വദേശികള്‍ക്കു നല്‍കുന്ന കുറഞ്ഞ ശമ്പളം 460 റിയിലാണ്.
കമ്പനിയുടെ വാര്‍ഷിക വരുമാനം വര്‍ധിച്ചു. 2012 ലെ വാര്‍ഷിക വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ നഷ്ടം 11 ശതമാനം കുറഞ്ഞതായയി യും 97.47 ദശലക്ഷം റിയാലിന്റെ നഷ്ടം കഴിഞ്ഞ വര്‍ഷം നികത്താന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഒമാന്‍ എയറിന്റെ പ്രവര്‍ത്തന മികവ് ഷെയര്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്.