സ്ത്രീപീഡനം:മുന്‍ ഒഡീഷ നിയമ മന്ത്രി അറസ്റ്റില്‍

Posted on: March 30, 2013 11:35 am | Last updated: April 3, 2013 at 7:56 pm
SHARE

കൊല്‍ക്കത്ത: സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന മരുമകളുടെ പരാതിയെ തുടര്‍ന്ന് ഒഡീഷ മുന്‍ നിയമമന്ത്രി രഘുനാഥ് മൊഹന്തിയേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ വെച്ച് ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മൊഹന്തിയുടെ മരുമകളായ ബര്‍സ സോണി ചൗധരിയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നതായി പോലീസില്‍ പരാതി നല്‍കിയത്.വിവാഹസമയത്ത് 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.25ലക്ഷം രൂപയും സ്‌കോര്‍പ്പിയോയുമാണ് അമ്മായിയമ്മ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.2012 ജൂണിലായിരുന്നു രഘുനാഥ് മൊഹന്തിയുടെ മകന്‍ രാജശ്രീ മൊഹന്തിയും ബര്‍സയും വിവാഹിതരായത്.കേസില്‍ രാജശ്രീ മൊഹന്തിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മൊഹന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച ഒഡീഷ ഹൈകോടതി തള്ളിയിരുന്നു.മരുമകളുടെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് ആദ്യമാണ് മൊഹന്തി മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്ക് ശേഷം പൊതുചടങ്ങുകളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.