തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസ് മാടപ്പീടികയിലേക്ക് മാറ്റുന്നു

Posted on: March 30, 2013 1:05 am | Last updated: March 30, 2013 at 1:05 am
SHARE

തലശ്ശേരി: തലശ്ശേരി കടല്‍പാലത്തിന് സമീപം പഴയ പാണ്ടികശാല കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫീസ് താത്കാലികമായി സ്ഥലം മാറ്റുന്നു. മാടപ്പീടികയിലുള്ള സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സിലേക്കാണ് ഓഫീസ് മാറുന്നത്. ഏപ്രില്‍ ആദ്യവാരം പുതിയ ലാവണത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അബ്കാരി, മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന റേഞ്ച് ഓഫീസറാണ് തലശ്ശേരിയിലേത്. എന്നാല്‍ തീര്‍ത്തും പരിതാപകരമാണ് ഇതിലെ സൗകര്യങ്ങള്‍. തുറമുഖ വകുപ്പിന്റെ കീഴിലുള്ള കടപ്പുറത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴകിയയതാണ് കെട്ടിടം. മഴ പെയ്ത് തുടങ്ങിയാല്‍ വെള്ളം മുഴുവന്‍ ഓഫീസിനകത്തേക്ക് അടിച്ചെത്തും. ഫയലുകളും യൂനിഫോമുകളും നനയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടും. കടല്‍ത്തീരത്തെ പേരിനൊരു ഷെഡിലാണ് വാഹനം സൂക്ഷിക്കുന്നത്. ഇതുകാരണം സ്‌പെയര്‍പാര്‍ട്‌സുകള്‍ വേഗം തുരുമ്പിക്കും. ഓഫീസിനകത്തെ കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗശൂന്യമാവും. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി ഇടക്കിടെ മേലധികാരികളെ പ്രശ്‌നത്തെ പറ്റി ഓര്‍മിപ്പിക്കുമെങ്കിലും നടപടിയുണ്ടാവാറില്ല. എക്‌സൈസ് ഓഫീസിന്റെ പരാധീനതകള്‍ മാധ്യമ വാര്‍ത്തകളായതിനെ തുടര്‍ന്ന് കെട്ടിടം നവീകരിക്കാന്‍ ഈയിടെ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടിയേരി മാടപ്പീടികയിലുള്ള സ്വകാര്യവ്യക്തിയുടെ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് തത്കാലം എക്‌സൈസ് ഓഫീസ് മാറ്റുന്നത്.