കാന്തപുരം വയലാര്‍ രവിയെ കണ്ടു കേരളത്തിലെ മന്ത്രിമാരുടെയും എം പി മാരുടെയും യോഗം ചേരുന്നു

Posted on: March 30, 2013 6:00 am | Last updated: March 29, 2013 at 11:50 pm
SHARE

ന്യൂഡല്‍ഹി: സഊദി സര്‍ക്കാറിന്റെ സ്വദേശി വത്കരണ നയത്തിന്റെ പേരില്‍ സഊദിയില്‍ നിന്ന് തിരുച്ചുവരേണ്ടിവരുന്ന പ്രവാസികളുടെ സാമ്പത്തിക ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതുമൂലം പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കും. ഇവരുടെ മോചനത്തിനായി നടപടി സ്വീകരിക്കും. നിയമപരമയി ജോലി ചെയ്യാനുള്ള രേഖകള്‍ ലഭ്യമാക്കാന്‍ സഊദി സര്‍ക്കാറുമായി ചര്‍ച്ച നടത്തും. നാട്ടിലേക്ക് തിരിച്ചുവരുന്നവരുടെ രേഖകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. സ്വദേശി വത്കരണമുള്‍പ്പടെയുള്ള നടപടികള്‍ സഊദി സര്‍ക്കാറിന്റെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും വയലാര്‍ രവി പറഞ്ഞു. എന്നാല്‍ സ്‌പോണ്‍സര്‍മാരില്ലാതെ ഫ്രീ വിസക്ക് ജോലിചെയ്യുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും അവരുടെ ജോലി നിയമപരമാക്കാനും ആവശ്യമായ സാവകാശം കൊടുക്കുകയും നിയമത്തില്‍ ഇളവ് വരുത്തുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധമായി വിദേശകാര്യ മന്ത്രി സല്‍മാന്‍ കുര്‍ശിദുമായും ചര്‍ച്ച നടത്തി. സഊദിയിലുള്ള ഇന്ത്യന്‍ അംബാസഡറുമായും ഡല്‍ഹിയിലുള്ള സഊദി അംബാസഡറുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെയും, എംപിമാരുടെയും യോഗം വിളിച്ചു ചേര്‍ക്കും. സഊദി സര്‍ക്കാറില്‍ നിന്ന് വ്യക്തമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും അപ്പപ്പോള്‍ കാര്യങ്ങള്‍ അറിയുന്നമുറക്ക് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു.