യു ഡി എഫ് കണ്‍വീനറുമായി ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തി

Posted on: March 29, 2013 11:53 am | Last updated: March 29, 2013 at 12:12 pm
SHARE

ganesh pillaiആലൂവ: മന്ത്രി കെ ബി ഗണേഷ് കുമാര്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്. ബാലകൃഷ്ണ പിള്ളയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണോയെന്ന് സമൂഹം പറയട്ടെയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ യു ഡി എഫ് കണ്‍വീനറെ അറിയിച്ചുവെന്നും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബുധനാഴ്ച പമ്പയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ ബാലകൃഷ്ണ പിള്ളയെ ഇന്നലെ ഗണേഷ് കണ്ടിരുന്നു. പതിനഞ്ച് മിനുട്ടാണ് കൂടിക്കാഴ്ച നടത്തിയത്. രോഗ വിവരം അന്വേഷിക്കാനാണ് എത്തിയതെന്നായിരുന്നു ഗണേഷിന്റെ മറുപടി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു ഗണേഷ് പറഞ്ഞത്. പഴ്‌സനല്‍ സ്റ്റാഫിനെ മാറ്റുന്നതടക്കമുള്ള നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടില്ലെന്നും എല്ലാ പ്രശ്‌നങ്ങളും യു ഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും ഗണേഷ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, രോഗവിവരം അന്വേഷിച്ചാണ് എത്തിയതെന്നതൊഴികെ മറ്റുള്ളവയെല്ലാം കള്ളമാണെന്നാണ് ബാലകൃഷ്ണ പിള്ള പറഞ്ഞത്.