Connect with us

Palakkad

ഡീസല്‍ ക്ഷാമം : ഗ്രാമങ്ങളിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നിര്‍ത്തുന്നു

Published

|

Last Updated

പൊള്ളാച്ചി: ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് താലൂക്കിലെ പല ഭാഗങ്ങളിലും ഗ്രാമങ്ങളിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതര്‍ നിര്‍ത്തിവച്ചു. ഇത് മൂലം ദുരിതത്തിലായ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. പല ഭാഗങ്ങളിലും അതിരാവിലെയും രാത്രിനേരങ്ങളിലും സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് നിര്‍ത്തിവച്ചത്. ഇത് കാരണം ജോലിക്കു പോകുന്നവരും വിദ്യാര്‍ഥികളുമാണ് ഏറെ ദുരിതത്തിലായത്. പകല്‍ സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉള്ളതിനാല്‍ ബസുകളില്‍ വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നും ഡീസല്‍ വിലവര്‍ധന കാരണം നഷ്ടം പരിഹരിക്കാന്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചേ മതിയാവൂയെന്നും അധികൃതര്‍ പറയുന്നു. രാവിലെ ആറുമണിക്കു യാത്രക്കാരുടെ തിരക്ക് കുറവായതിനാല്‍ രാവിലത്തെ സര്‍വീസും രാത്രി എട്ടുമണിക്കു ശേഷമുള്ള സര്‍വീസും പൂര്‍ണമായും നിര്‍ത്തിവച്ചു. രാവിലെ പത്തു മുതല്‍ മൂന്നുമണിവരെയുള്ള സര്‍വീസ് പാതിയായി വെട്ടിക്കുറച്ചു. ഇതുകാരണം ഗ്രാമങ്ങളില്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് പൂര്‍ണമായും ദുരിതത്തിലായത്. കൃഷി ഭൂമിയില്‍ ജോലി ചെയ്യുന്നതിന് പല ഭാഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഗ്രാമങ്ങളില്‍ എത്താന്‍ ബസ് സൗകര്യം ഇല്ലാത്തതു കാരണം കിലോമീറ്ററോളം നടന്നുവരേണ്ട അവസ്ഥയാണ്. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്നു ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കി. പൊള്ളാച്ചി, ആനമല, കിണത്തുകടവ് ഭാഗങ്ങളിലെ ഗ്രാമങ്ങളിലേക്കു നൂറ്റമ്പതോളം സര്‍ക്കാര്‍ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്.