Connect with us

Kerala

ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി: ആദ്യഘട്ട പ്രവൃത്തി ഉടന്‍ തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ ആദ്യഘട്ട പ്രവൃത്തി ഉടന്‍ തുടങ്ങും. 565 കോടി രൂപ ചെവഴിച്ച് അക്കാദമിക്കുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടം നടക്കുക. മൂന്നര വര്‍ഷത്തിനുള്ളില്‍ അക്കാദമി പൂര്‍ണ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായതെങ്കിലും രണ്ട് വര്‍ഷമായിട്ടും യാതൊരു പ്രവൃത്തിയും തുടങ്ങിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി കെട്ടിടങ്ങളുടെതടക്കമുള്ള ആദ്യഘട്ട പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം.
ഇന്ത്യയിലെ ഏറ്റവും മികച്ചതും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ അക്കാദമിയാണ് ഇരിണാവില്‍ സ്ഥാപിക്കുക. ഒരേ സമയത്ത് 300 കോസ്റ്റ് ഗാര്‍ഡ് ഓഫീസര്‍മാര്‍ക്കും 800 സെയിലേഴ്‌സിനും പരിശീലനം നല്‍കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി സെക്യൂരിറ്റി കാബിനറ്റ് കമ്മിറ്റി 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏഴിമലയിലെ ഗാരിസണ്‍ എന്‍ജിനീയേഴ്‌സിനാണ് നിര്‍മാണ ചുമതല. ഇതേ മാതൃകയിലുള്ള സംവിധാനങ്ങള്‍ നിര്‍മിച്ച് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവര്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത്. പ്രതിവര്‍ഷം 170 കോടിയെങ്കിലും ലാഭമുള്ള സ്ഥാപനത്തിനു മാത്രമാണ് ടെന്‍ഡറില്‍ പോലും പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കെട്ടിടങ്ങളും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാക്കും. ഇതിനു ശേഷമായിരിക്കും രണ്ടാം ഘട്ട പ്രവൃത്തി ആരംഭിക്കുക.
രാജ്യത്തെ ആദ്യത്തെ കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്ക് 2011 മേയ് 28നാണ് ഇരിണാവില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിട്ടത്. പാപ്പിനിശേരി, ഇരിണാവ് പ്രദേശത്തായി വളപട്ടണം പുഴയോരത്ത് വ്യാപിച്ചുകിടക്കുന്ന 200 എക്കര്‍ സ്ഥലത്താണ് അക്കാദമി സ്ഥാപിക്കുന്നത്.
ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ തീരദേശസേനാ പരിശീലന കേന്ദ്രം കൂടിയായിരിക്കും ഇത്. ഓഫീസര്‍മാര്‍, കാഡറ്റുകള്‍ എന്നിവര്‍ക്കുള്ള താമസം, പരിശീലനം, ക്ലാസ് റൂം തുടങ്ങിയവര്‍ക്കുള്ള കെട്ടിടം, ഓഫീസര്‍മാര്‍ക്കും മറ്റുമുള്ള സംവിധാനം എന്നിവയാണ് ആദ്യം ഒരുക്കുക. വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനും സേനയുടെ സേവനം ലഭിക്കും. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതുവരെ നേവിയുടെ ഭാഗമായിരുന്ന തീരസംരക്ഷണ സേനക്കു പ്രത്യേക സംവിധാനം ഒരുക്കുന്നത്. കടല്‍ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിനും കടല്‍ മലിനീകരണം തടയുന്നതിനും തീര സംരക്ഷണ സേനയുടെ സേവനം ലഭ്യമാക്കും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇന്ധനം കടല്‍മാര്‍ഗം കൊണ്ടുവരുന്നതിനുള്ള സൗകര്യം എന്നിവയും ഇവിടെ ഒരുക്കും.
അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ തീരദേശ സേനയുടെ അംഗബലം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 2015 ഓടെ കാഡറ്റുകളുടെ എണ്ണം 1200 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. വിശാലമായ തീരപ്രദേശമുള്ള ഇന്ത്യക്ക് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണിയും തീരദേശ സുരക്ഷ ശക്തമാക്കാനുള്ള കാരണങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ചതും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായിരിക്കും അക്കാദമി. ഏഴിമല നാവിക അക്കാദമിയുടെ മാതൃകയിലാണ് നിര്‍മാണം. നിലവില്‍ നേവിക്കു കീഴിലാണ് കോസ്റ്റ്ഗാര്‍ഡിന് പരിശീലനം നല്‍കുന്നത്. ഇതു മാറ്റി തീരദേശ സേനക്കു മാത്രമായാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്.