Connect with us

Kerala

സതീശനെയും ബലറാമിനെയും കെ പി സി സി ഭാരവാഹികളാക്കാന്‍ ധാരണ

Published

|

Last Updated

കണ്ണൂര്‍:കെ പി സി സി പുനഃസംഘടനയില്‍ ഭാരവാഹിത്വം ലഭിക്കാതിരുന്ന സതീശന്‍ പാച്ചേനി, വി ബലറാം എന്നിവരെ കെ പി സി സി ഭാരവാഹികളാക്കാന്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശും ഒപ്പിട്ട ലിസ്റ്റ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിക്കാണ് കെ പി സി സി അധ്യക്ഷന്‍ കൈമാറിയത്.
വി ബലറാമിന്റെ കാര്യത്തില്‍ പി സി ചാക്കോ എം പിയുടെ എതിര്‍പ്പാണ് പ്രഖ്യാപനത്തിന് തടസ്സം സൃഷ്ടിക്കുന്നത്. രണ്ട് പേരും ജനറല്‍ സെക്രട്ടറിമാരാകാനാണ് സാധ്യത. കഴിഞ്ഞ കെ പി സി സിയില്‍ സെക്രട്ടറിയായിരുന്നു സതീശന്‍ പാച്ചേനി. കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ സതീശന്‍ പാച്ചേനിയെ പരിഗണിച്ചിരുന്നുവെങ്കിലും സുധാകരപക്ഷത്തെ കെ സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു. ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണന ലഭിച്ചതുകൊണ്ടുതന്നെ കെ പി സി സി ഭാരവാഹി ലിസ്റ്റില്‍ സതീശന്‍ പാച്ചേനിക്ക് ഇടംലഭിച്ചില്ല. ഇത് എ വിഭാഗത്തില്‍ കടുത്ത അമര്‍ഷത്തിനും പ്രതിഷേധങ്ങള്‍ക്കുമിടയാക്കിയിരുന്നു. ഏറെക്കാലം സംസ്ഥാന ഭാരവാഹിത്വത്തിലിരുന്ന് പൂര്‍ണമായും തഴയപ്പെട്ടതില്‍ സതീശന്‍ പാച്ചേനിക്കും ദുഃഖമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സതീശന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രചാരണവുമുണ്ടായി. ഇതിനിടയില്‍ സംസ്ഥാന നേതൃതലത്തില്‍ ചര്‍ച്ച നടത്തി സതീശന്‍ പാച്ചേനിയെ ഭാരവാഹിയാക്കണമെന്ന് ധാരണയാകുകയും ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കുകയും ചെയ്തുവെങ്കിലും പുനഃസംഘടന കഴിഞ്ഞ് മാസങ്ങളായിട്ടും നാമനിര്‍ദേശം നടന്നില്ല. ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രത്യേകിച്ച് എ വിഭാഗക്കാരില്‍ കടുത്ത അതൃപ്തി ഉണ്ടാക്കി.
കണ്ണൂരില്‍ പാര്‍ട്ടി നേതൃത്വം കെ സുധാകരന് മുന്നില്‍ പൂര്‍ണമായി കീഴടങ്ങിയതായി എ വിഭാഗം ആരോപിച്ചിരുന്നു. ജില്ലയിലെ എ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സതീശന്‍ പാച്ചേനിയെ കെ പി സി സി ഭാരവാഹിയായി പരിഗണിക്കുന്നതില്‍ സുധാകര വിഭാഗത്തിന് താത്പര്യമില്ലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇപ്പോള്‍ നാല് കെ പി സി സി ജനറല്‍ സെക്രട്ടറിമാരുണ്ട്. എ വിഭാഗത്തില്‍ നിന്ന് പി രാമകൃഷ്ണന്‍, സുധാകര വിഭാഗത്തില്‍ നിന്ന് സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, മൂന്നാം ഗ്രൂപ്പില്‍ നിന്ന് വി എ നാരായണന്‍ എന്നിവര്‍. സതീശന്‍ പാച്ചേനിയെ കൂടി ജനറല്‍ സെക്രട്ടറിയാക്കുന്നതോടെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കെ പി സി സി ഭാരവാഹികളുടെ എണ്ണം അഞ്ചാകും.
സതീശന്‍ പാച്ചേനിക്കൊപ്പം തൃശൂരില്‍ നിന്നുള്ള വി ബലറാമിനെയും ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കും. തൃശൂര്‍ ഡി സി സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് വി ബലറാമിനെ കെ പി സി സി ഭാരവാഹിയാക്കുന്നത്. എന്നാല്‍ ബലറാമിനെ കെ പി സി സി ഭാരവാഹിയാക്കുന്ന കാര്യത്തില്‍ പി സി ചാക്കോ എം പി ഉള്‍െപ്പടെയുള്ളവര്‍ക്ക് എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ ഐ വിഭാഗം നേതാക്കളുമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് മുമ്പ് തന്നെ വി ബലറാമിനെയും സതീശന്‍ പാച്ചേനിയെയും കെ പി സി സി ജനറല്‍ സെക്രട്ടറിമാരായി പ്രഖ്യാപിക്കണമെന്നാണ് കെ പി സി സി പ്രസിഡന്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Latest