Connect with us

Editorial

ബിനാലെ പ്രശ്‌നത്തിലെ സര്‍ക്കാര്‍ നയം മാറ്റം

Published

|

Last Updated

കലയെയും കലാപ്രേമികളെയും സ്‌നേഹിക്കുന്നതില്‍ ഇടതു സര്‍ക്കാറിനേക്കാള്‍ ഒട്ടും പിന്നിലല്ല തങ്ങളെന്ന് യു ഡി എഫ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി ധൂര്‍ത്തടിച്ച ബിനാലെ ഫൗണ്ടേഷന് ഇനി പണം നല്‍കില്ലെന്ന തീരുമാനം തിരുത്തി നാല് കോടി രൂപ കൂടി നല്‍കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ഫൗണ്ടേഷനെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഉപേക്ഷിച്ചിട്ടുമുണ്ട്.
ലോക കലകളുടെ സംഗമത്തിന് വേദിയൊരുക്കൂക വഴി അന്താരാഷ്ട തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കേരളത്തിന് അവസരമൊരുക്കുകയായിരുന്നുവത്രേ മുസ്‌രിസ് ബിനാലെയുടെ ലക്ഷ്യം. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നത്. അഞ്ച് ലക്ഷം വി എസ് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും ധൂര്‍ത്തുമാണ് ബിനാലെയുടെ പേരില്‍ അരങ്ങേറുന്നതെന്ന് പരാതി ഉയര്‍ന്നു. ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ഹാള്‍ നവീകരണത്തിന് കോടികള്‍ ചെലവിട്ടതില്‍ അഴിമതി നടന്നതായി ആരോപണമുണ്ടായി. ടെന്‍ഡര്‍ നടപടികളില്ലാതെയാണ് മുൂന്നര കോടി ചെലവില്‍ ഈ കെട്ടിടം നവീകരിക്കാന്‍ അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥരായ ലളിതകലാ അക്കാദമി തന്നെ ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പിന്റെ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ സ്ഥിരീകരിക്കുകയും പരിശോധകര്‍ക്ക് മുമ്പാകെ കരാറുകാര്‍ ഹാജരാക്കിയ ബില്ലുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമുണ്ടായി. ബിനാലെ പ്രഖ്യാപന സമ്മേളനമെന്ന പേരില്‍ നടത്തിയ മദ്യസത്കാരവും വിമര്‍ശന വിധേയമായി. ബിനാലെയുടെ ട്രസ്റ്റിമാരായ ബോസ് കൃഷ്ണമാചാരിയുടെയും റിയാസ് കോമുവിന്റെയും സുഹൃത്തുക്കളെയും സില്‍ബന്തികളെയും വിളിച്ചുവരുത്തി മദ്യസത്കാരം നടത്തിയാണ് പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചത്. മദ്യ സത്കാരത്തിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴച്ചത് 33 ലക്ഷം രൂപ .മറ്റൊരു 32 ലക്ഷം കൃഷ്ണാചാരിയുടെ മുംബൈയിലുള്ള സ്വന്തം ഓഫീസ് അലങ്കരിക്കാനും വസ്തുവഹകള്‍ വാങ്ങിക്കൂട്ടാനുമാണ് വിനിയോഗിച്ചതെന്നും ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിമ്പോള്‍ കേരളീയ കലാകാരന്മാര്‍ക്ക് പങ്കാളിത്തം നല്‍കുകയെന്നത് സാമാന്യ മര്യാദയാണ്. എന്നാല്‍ കേരളീയ കലാകാരന്മാരെ പരിപാടിയുമായി അടുപ്പിച്ചതേയില്ല. നടത്തിപ്പുകാരായ ട്രസ്റ്റികളിലെ പ്രമുഖരായ രണ്ടു പേരും കേരളത്തിന് പുറത്തെ സ്ഥിരതാമസക്കാരായത് കൊണ്ടാകാം. മേളകൊണ്ട് കേരളീയ കലാകാരന്മാര്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് ധനകാര്യ വകുപ്പും ചൂണ്ടിക്കാട്ടുകയുണ്ടായി.
തട്ടിപ്പ് കണ്ടെത്തിയ ധനകാര്യ വകുപ്പ് സര്‍ക്കാര്‍ മുമ്പാകെ മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണം, ബിനാലെ ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ പെടുത്തുക, ബിനാലെ ട്രസ്റ്റികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയ പൊതുസത്ത് പണം തിരിച്ചു പിടിക്കുക, അവര്‍ തിരകെ നല്‍കുന്നില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥ രില്‍നിന്ന് തുക ഈടാക്കുക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും, പണം ഇനിയും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതും. മിനിയാന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ തീരുമാനം തിരുത്തുമ്പോള്‍ നേരത്തെ ധനകാര്യ വകുപ്പ് കണ്ടെത്തിയ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്നില്ല. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് സാങ്കേതികം മാത്രമാണെന്നും പണം ചെലവഴിച്ചതിലെ പോരായ്മകളാണ് അവര്‍ ചൂണ്ടിക്കാട്ടിയതെന്നുമാണ് ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്. ധനവിനിയോഗത്തിലെ ക്രമക്കേടിന് തന്നെയല്ലേ അഴിമതി എന്ന് പറയുന്നത്. ക്രമക്കേടിനെ പോരായ്മ എന്ന പദം കൊണ്ട് ലഘൂകരിച്ചാല്‍ അഴിമതിയല്ലാതാകുമോ? വര്‍ഷങ്ങളായി ബോസ് കൃഷ്ണമാചാരി സ്വന്തം ഓഫീസായി ഉപയോഗിക്കുന്ന മുംബൈയിലെ കെട്ടിടം ബിനാലെ നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കിയ പണത്തില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് മോടികൂട്ടിയത് അത്ര നിസ്സാരമായി കണാവതാണോ?
പണമില്ലാത്തതന്റെ പേരില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ഫണ്ട് വെട്ടിക്കുറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, ശുദ്ധമായ തട്ടിപ്പെന്ന് ധരകാര്യ വകുപ്പ് കണ്ടെത്തിയ ഒരു മേളക്ക് വീണ്ടും തുക അനുവദിക്കുന്നതിലെ പിന്നാമ്പുറം ഉന്നതരുടെയും ഉന്നതകളില്‍ പിടിപാടുള്ളവരുടെയും സമ്മര്‍ദമാണെന്ന ആരോപണം തള്ളിക്കളിയാനാകില്ല. ബിനാലെയുടെ സജീവ സംഘാടകരില്‍ എം എ ബേബി ഉള്‍പ്പെട്ടത് കൊണ്ടായിരിക്കണം സര്‍ക്കാറിനെതിരെ ഒന്നാം തരം ആയുധമാക്കാമായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മലക്കം മറച്ചിലിനെക്കുറച്ചു പ്രതിപക്ഷം മൗനം പാലിക്കുന്നത്. അഴിമതിക്കും തട്ടിപ്പിനും പ്രേത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നിലപാട് കേരളീയ സമൂഹത്തോടുള്ള കടുത്ത വഞ്ചനയും കാപട്യവുമായിപ്പോയി.

---- facebook comment plugin here -----

Latest