Connect with us

Kerala

സി ഡി എസ് അക്കൗണ്ടന്ററുമാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി

Published

|

Last Updated

താമരശ്ശേരി: സംസ്ഥാനത്തെ കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്ററുമാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവ്. 1,072 അക്കൗണ്ടന്റുമാരുടെ സേവനം ഏപ്രില്‍ ഒന്ന് മുതല്‍ സി ഡി എസുകള്‍ക്ക് ആവശ്യമില്ലെന്ന് കാണിച്ചുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് ബുധനാഴ്ചയാണ് ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ലഭിച്ചത്.
2009ല്‍ ബികോം ബിരുദവും കമ്പൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് അക്കൗണ്ടന്റുമാരെ നിയമിച്ചത്. മൂന്നരവര്‍ഷമായി 5,000 രൂപയാണ് മാസാന്ത പ്രതിഫലം. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഫിലിയേഷന്‍, മാച്ചിംഗ് ഗ്രാന്റ്, ആശ്രയ പദ്ധതി, അയല്‍ക്കൂട്ട രൂപവത്കരണം, ലിങ്കേജ് വായ്പ, സൂക്ഷ്മ സംരംഭം, സംഘക്കൃഷി, ബാലസഭ, സംഘടനാ ശാക്തീകരണം, ആക്ഷന്‍ പ്ലാന്‍ എന്നിവ ചിട്ടപ്പെടുത്തി കുടുംബശ്രീ സംവിധാനം ശക്തമാക്കാന്‍ പങ്കുവഹിച്ചവരെയാണ് കാരണമില്ലാതെ പിരിച്ചുവിടുന്നത്.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ അക്കൗണ്ടന്റുമാര്‍ എല്‍ ഡി എഫ് പക്ഷക്കാരാണെന്ന ധാരണയാണ് പിരിച്ചുവിടലിന് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീ സമരത്തില്‍ അക്കൗണ്ടന്റുമാര്‍ പങ്കെടുത്തതും പിരിച്ചുവിടാന്‍ കാരണമായി പറയപ്പെടുന്നു. നോട്ടിഫിക്കേഷന്‍ നടത്തി പുതിയ അക്കൗന്ററുമാരെ നിയമിക്കാനാണ് നീക്കം. പരിചയമുള്ള അക്കൗണ്ടന്റുമാരെ പിരിച്ച് വിട്ട് പുതിയ നിയമനം നടത്തുന്നത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും ആശങ്കപ്പെടുന്നത്.

 

Latest