അവഗണനയില്‍ കുരുങ്ങി പുനലൂര്‍ തൂക്കുപാലം

Posted on: March 29, 2013 6:00 am | Last updated: March 28, 2013 at 11:36 pm

പുനലൂര്‍:ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രഖ്യാപനം നടത്തുമ്പോഴും നവീകരണ പ്രവര്‍ത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ല. തൂക്കുപാലത്തിലേക്ക് ആവശ്യമായ കമ്പകത്തടികള്‍ വനത്തിനുള്ളില്‍ കണ്ടെത്തിയെങ്കിലും കമ്പകത്തടികള്‍ ഏറ്റെടുക്കാന്‍പോലും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇടപെട്ടാണ് വനത്തിനുള്ളില്‍ നിന്നും കമ്പകത്തടികള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ കമ്പകത്തടികള്‍ വനം ഡിപ്പോയിലേക്ക് മാറ്റാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. ആറുമാസം മുമ്പുതന്നെ കമ്പകത്തടികള്‍ കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണം മുടങ്ങുന്നത് സഞ്ചാരികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എട്ടുവര്‍ഷമായി നവീകരണത്തിന്റെ പേരുപറഞ്ഞ് തൂക്കുപാലം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ബന്ധപ്പെട്ടവര്‍ തൂക്കുപാലത്തെ അവഗണിക്കുന്ന സമീപനമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. തൂക്കുപാലത്തെ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ നവീകരണത്തിന്റെ കാര്യത്തില്‍ താല്പര്യം കാണിക്കുന്നില്ല.
ചരിത്രസ്മാരകത്തിന്റെ നവീകരണത്തിന്റെ പേരില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. അന്വേഷണത്തില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനുമടക്കം കുറ്റക്കാരാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിജിലന്‍സ് അന്വേഷണം നിലനില്‍ക്കെതന്നെ ഇതിനെ ബാധിക്കാത്ത തരത്തിലാണ് വീണ്ടും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കമ്പകത്തടികള്‍ ലഭ്യമാകാത്തതുകൊണ്ടാണ് നവീകരണം നടക്കാത്തതെന്നും പറഞ്ഞവര്‍ കമ്പകത്തടികള്‍ കണ്ടെത്തിയിട്ടും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നാണ് പുനലൂര്‍ നിവാസികളുടെ ആവശ്യം.