ഭൂഗര്‍ഭ ജലസ്രോതസുകള്‍ വറ്റുന്നു; വന്‍ ഭീഷണിയെന്ന് ഇ എ ഡി

Posted on: March 28, 2013 7:59 pm | Last updated: March 28, 2013 at 7:59 pm
SHARE

അബുദാബി:ഭൂഗര്‍ഭ ജലം വറ്റുന്നത് യു എ ഇപരിസ്ഥിതിക്ക് വന്‍ ഭീഷണിയാണെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇ എ ഡി) എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ മിദ്ഫായി പറഞ്ഞു. അബുദാബിയില്‍ ഉപയോഗിക്കുന്നവയില്‍ 63.6 ശതമാനം ഭൂഗര്‍ഭ സ്രോതസുകളില്‍ നിന്നാണ്. 29.2 ശതമാനം ഉപ്പുവെള്ളം സംസ്‌കരിക്കപ്പെടുന്നവയും. 7.2 ശതമാനം മലിനജലം സംസ്‌കരിക്കുന്നതുമാണ്. ഭൂഗര്‍ഭ സ്രോതസ് കുറഞ്ഞുവരുന്നത്, ശുദ്ധജലക്ഷാമത്തിന് ഇടയാക്കും. നിലവില്‍ 700 കിണറുകളില്‍ നിന്ന് വെള്ളം സംഭരിക്കുന്നു. ലിവ, അല്‍ ഖാതിം, ഖസ്‌ന ഭാഗങ്ങളിലാണ് കിണറുകള്‍ ഏറെയും. കാര്‍ഷിക സമൃദ്ധിയും ഇവിടെത്തന്നെ.കാര്‍ഷികാവശ്യത്തിനാണ് ഏറ്റവും കൂടുതല്‍ ജലവിനിയോഗം. 57.98 ശതമാനമാണിത്. അതേസമയം കാര്‍ഷികോത്പാദനം മൊത്ത വരുമാനത്തിന്റെ ഒരു ശതമാനം പോലും വരില്ല.കാര്‍ഷിക മേഖലയില്‍ ജലം വന്‍തോതില്‍ പാഴാക്കിക്കളയുന്നുവെന്നാണ് പരിശോധനയില്‍ മനസിയാലത്. ഇതിനെതിരെ ബോധവത്കരണം അനിവാര്യം. കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും വരുന്നത്, ധാരാളം ഭൂഗര്‍ഭജലമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. അവിടുത്തെ സാഹചര്യമല്ല, ഇവിടെയുള്ളതെന്ന് അവരെ ബോധ്യപ്പെടുത്തണം.ഉപ്പുവെള്ളം സംസ്‌കരിക്കുന്ന പദ്ധതികള്‍ ധാരാളം വേണ്ടിവരും. പക്ഷേ, ഇത്തരം പദ്ധതികള്‍ക്ക് കനത്ത തോതില്‍ ഊര്‍ജം വേണമെന്നതാണ് പ്രശ്‌നം. അന്തരീക്ഷ മലിനീകരണം വ്യാപകമാകുമെന്നതും കാണണം.സംസ്‌കരിക്കപ്പെടുന്ന ജലത്തിന് ലിവയിലും അല്‍ ഐനിലും സംഭരണികള്‍ സ്ഥാപിക്കുന്നുണ്ട്. ലിവയില്‍ 2014ല്‍ പദ്ധതി പൂര്‍ത്തിയാകും. പത്ത് ലക്ഷം പേര്‍ക്ക് 90 ദിവസം വെള്ളം വിതരണം ചെയ്യാന്‍ സംഭരണിക്ക് ശേഷിയുണ്ടാകും.