കൊച്ചി ബിനാലെക്കെതിരെ അന്വേഷണമില്ല:നാല് കോടി കൂടി അനുവദിച്ചു

Posted on: March 27, 2013 3:21 pm | Last updated: March 28, 2013 at 8:08 am
SHARE

kochi binale

മുമ്പ് പണം അനുവദിച്ചപ്പോള്‍ മാര്‍ഗരേഖ നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയ കോടികള്‍ ധൂര്‍ത്തടിച്ച ബിനാലെ ഫൗണ്ടേഷന് നാല് കോടി രൂപ കൂടി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊച്ചിന്‍ മുസ്‌രിസ് ബിനാലെക്ക് ഇനി പണം നല്‍കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കിയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നാല് കോടി രൂപ കൂടി അനുവദിച്ചത്. നേരത്തെ, പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു.

അനുവദിച്ച പണം ചെലവിട്ടത് സര്‍ക്കാര്‍ മാര്‍ഗരേഖ അനുസരിച്ചല്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിനാലെ ഫൗണ്ടേഷനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ഫൗണ്ടേഷന് ഇനി പണം നല്‍കേണ്ടതില്ലെന്നും അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍, ഫൗണ്ടേഷന്‍ ഭാരവാഹികള്‍ രാഷ്ട്രീയ, കലാരംഗത്തെ ചിലരുടെ സഹായത്തോടെ നടത്തിയ സമ്മര്‍ദത്തിനൊടുവിലാണ് വീണ്ടും പണം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ബിനാലെ ഫൗണ്ടേഷന് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് അഞ്ച് കോടി രൂപ അനുവദിച്ചത്. ബിനാലെയുടെ മറവില്‍ ഈ പണം ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍, ഫൗണ്ടേഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ധന വകുപ്പ് ശിപാര്‍ശ ചെയ്തു.
ബിനാലെ സംഘടിപ്പിക്കാന്‍ ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ ബിനാലെ ഫൗണ്ടേഷനെപ്പോലുള്ള സ്വകാര്യ സ്ഥാപനത്തിന് തുക അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടിയില്‍ 2.5 കോടി രൂപ എറണാകുളത്ത് ദര്‍ബാര്‍ ഹാള്‍ നവീകരണത്തിന് ചെലവഴിച്ചെന്ന ഫൗണ്ടേഷന്റെ വാദത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തു.
സര്‍ക്കാര്‍ പണം ഉപയോഗിച്ച് നക്ഷത്ര ഹോട്ടലുകളില്‍ മദ്യസത്കാരം നടത്തി. കൊച്ചിയിലെ ഒരു ഹോട്ടലില്‍ മാത്രം 35,112 രൂപയാണ് മദ്യത്തിന് ചെലവഴിച്ചത്. സര്‍ക്കാര്‍ തുകയുടെ പത്ത് ശതമാനവും ട്രസ്റ്റിയുടെ വിമാനയാത്രക്കാണ് വിനിയോഗിച്ചത്. ക്രമവിരുദ്ധമായി ചെലവഴിച്ച തുക സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചുപിടിക്കാന്‍ സാംസ്‌കാരിക വകുപ്പ് നടപടിയെടുക്കണം. ബിനാലെയുടെ കേരളത്തിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല, ട്രസ്റ്റിലെ രണ്ട് അംഗങ്ങള്‍ കേരളത്തിലെ താമസക്കാരല്ല, ബിനാലെക്ക് സര്‍ക്കാര്‍ നല്‍കിയ പണം കൊണ്ട് കേരളത്തിലെ കലാകാരന്‍മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും ധന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്മേല്‍ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണം ഒഴിവാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ബിനാലെക്ക് നേരത്തെ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുവദിക്കുന്ന പണം ചെലവഴിക്കുന്നതിന് ഒരു മാര്‍ഗരേഖയുണ്ട്. അത് പാലിച്ചിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പണം അനുവദിച്ചപ്പോള്‍ ബിനാലെ ഫൗണ്ടേഷന് ഇങ്ങനെയൊരു മാര്‍ഗരേഖ നല്‍കിയിരുന്നില്ല. സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പണം ചെലവിടാന്‍ പാടുള്ളൂ. ആ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ചെലവ് ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഫൗണ്ടേഷന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. പണം നല്‍കിയവരാണ് മാര്‍ഗരേഖ നല്‍കേണ്ടിയിരുന്നത്. അതുണ്ടായിട്ടില്ല. എന്നാലും, മുന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടി ഒരു വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് കൂടുതല്‍ പണം അനുവദിക്കാന്‍ കാരണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. വിദേശങ്ങളില്‍ നിന്ന് പോലും കേരളത്തിലേക്ക് കുറേ പേരെ ആകര്‍ഷിക്കാന്‍ ബിനാലെക്ക് കഴിഞ്ഞു. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് സാങ്കേതികമാണ്. പണം ചെലവിട്ടതിലെ പോരായ്മയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അതിനേക്കാള്‍ വലിയ സ്വീകാര്യത കേരളത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ ബിനാലെക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തനിമ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് അവഗണിച്ചതെന്നും മാണി പറഞ്ഞു.