ഹോട്ടല്‍ വ്യവസായ രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടം

Posted on: March 26, 2013 7:39 pm | Last updated: March 26, 2013 at 7:39 pm
SHARE

hotel at mascatമസ്‌കത്ത്: രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി വര്‍ഷാവസാനത്തോടെ പുതിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ആരംഭിക്കുന്നു. 2,000 ത്തിലധികം റൂമുകളടങ്ങിയ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്നത്. തലസ്ഥാനത്ത് വിവിധ പദ്ധതികളിലായി 720 ഹോട്ടല്‍ മുറികളാണ് നിര്‍മിക്കുന്നത്. ഇതിന് പുറമെ സോഹാറിലാണി കൂടുതല്‍ ഹോട്ടല്‍ മുറികളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നത്.
സോഹാറില്‍ 80 ദശലക്ഷം ഡോളറിന്റെ അഞ്ച് പദ്ധതികളാണ് വര്‍ഷാവസാനത്തോടെ പണി പൂര്‍ത്തിയാക്കുക. വരുന്ന ടൂറിസ്റ്റ് സീസണ്‍ കൂടെ ലക്ഷ്യം വെച്ചാണ് കൂടുതല്‍ റിസോര്‍ട്ടുകളും ഹോട്ടല്‍ മുറികളും നിര്‍മിക്കുന്നത്. മസ്‌കത്തില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന ബന്‍യാന്‍ ട്രീ ഹോട്ടല്‍, മസ്‌കത്ത് ജബല്‍ സിഫാഹ് എന്നിവ ആഡംബര ഹോട്ടലുകളാണ്. ഇതിന്റെയടക്കം വിവിധ ഹോട്ടല്‍- റിസോര്‍ട്ട് പദ്ധതികളുടെ പണികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
രാജ്യത്തെ മെഡിക്കല്‍ ടൂറിസം മേഖലയില്‍ ഉണ്ടാകുന്ന വളര്‍ച്ചയില്‍ ഏറെ സഹായകരമാകുന്നത് ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും സാന്നിദ്ധ്യമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സക്കെത്തുന്ന വിദേശികള്‍ക്ക് ഹോട്ടലുകളില്‍ റൂമുകള്‍ ലഭിക്കാതിരിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇത്തരം സാഹചര്യത്തിലാണ് ഈ മേഖലയിലെ ടൂറിസം സാധ്യതകള്‍ മനസിലാക്കി വിവധ ബിസിനസ് സംരംഭകര്‍ രംഗത്ത് വന്നത്.
കഴിഞ്ഞ വര്‍ഷവും ഹോട്ടല്‍- റിസോര്‍ട്ട് ടൂറിസം മേഖലക്ക് ഉണര്‍വ് പകര്‍ന്ന് വിവിധ ഹോട്ടലുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി രാജ്യത്ത് തുറന്നത്. പുതിയ ഫഌറ്റുകളും കെട്ടിടങ്ങളും കഴിഞ്ഞ വര്‍ഷം വാടകക്ക് നല്‍കുന്നതിനായി തുറന്നിരുന്നു. 2015ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന വിവിധ ഹോട്ടലുകളും റിസോര്‍ട്ടുകളും വരുന്നതോടെ രാജ്യത്തെ ഹോട്ടല്‍ വ്യവസായത്തിന് സാധ്യത വര്‍ധിക്കും.