ഇടുക്കിയിലെ വാഹന ദുരന്തം

Posted on: March 26, 2013 8:25 am | Last updated: March 26, 2013 at 10:15 am
SHARE

SIRAJ.......എട്ട് പേരുടെ മരണത്തിനിടയാക്കിയ ഇടുക്കിയിലെ ബസ്സപകടം ആരെയും നടുക്കുന്നതാണ്. വിനോദ സഞ്ചാരത്തിന് പോയ തിരുവനന്തപുരം വെള്ളിനാട് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഏഴ് വിദ്യാര്‍ഥികളും ബസ് ജീവനക്കാരനുമാണ് അപകടത്തില്‍ മരിച്ചത.് 45 പേരുണ്ടായിരുന്ന ബസിലെ ഏതാനും പേരുടെ നില ഗുരുതരവുമാണ്. കൊടൈക്കനാല്‍ സന്ദര്‍ശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്ന വഴി ഇടുക്കിയിലെ രാജാക്കാടിനടുത്ത് ഒരു കൊടും വളവില്‍ ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയാണുണ്ടായത്. നാല് പേര്‍ ബസിനടിയില്‍ പെട്ട് ചതഞ്ഞു മരിക്കുകയായിരുന്നു.
അമിതവേശം കാരണം വളവില്‍ ഡ്രൈവര്‍ക്ക് ബസ് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ നല്ലൊരു ഭാഗം വേഗക്കൂടുതല്‍ മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ അതീവ ധൃതിയാണ്. അടിക്കടി വളവുകളും തിരിവുകളുമുള്ളതും തിരക്കേറിയതുമായ സംസ്ഥാനത്തെ റോഡുകളില്‍ ഈ ധൃതിയും അമിത വേഗവും അത്യപകടകരമാണെന്ന വസ്തുത ഡ്രൈവര്‍മാര്‍ വിസ്മരിക്കുകയാണ്. മത്സര ഓട്ടത്തിനിടയില്‍ ഈ മറവി പലപ്പോഴും മനഃപൂര്‍വമായിരിക്കും.
വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതിനനുസൃതം റോഡ് സൗകര്യങ്ങള്‍ വികസിക്കുന്നില്ല. നിലവില്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 76 ലക്ഷത്തോളം വരും. ഡ്രൈവിംഗ് ലൈസന്‍സിന്റെ എണ്ണം 75 ലക്ഷത്തോളവും. 2001ല്‍ വാഹനങ്ങളുടെ എണ്ണം 28,95,912 ആയിരുന്നപ്പോള്‍ 2011ല്‍ 72,00,00ആയി വര്‍ധിച്ചു. പത്ത് വര്‍ഷം കൊണ്ട് 43 ലക്ഷത്തിന്റെ വര്‍ധന. അതേസമയം 2001 ല്‍ മൂന്ന് കോടി 18 ലക്ഷമായിരുന്ന ജനസംഖ്യ 2011 ല്‍ മൂന്ന് കോടി 34 ലക്ഷമായാണ് വര്‍ധിച്ചത്. പത്ത് വര്‍ഷത്തെ വര്‍ധന 18 ലക്ഷം. ജനസംഖ്യാ വര്‍ധനവിന്റെ രണ്ടര ഇരട്ടിയോളമാണ് വാഹനപ്പെരുപ്പമെന്നര്‍ഥം. സംസ്ഥാനത്ത് മൊത്തം റോഡിന്റെ ദൈര്‍ഘ്യം 1.75 ലക്ഷം കി.മീറ്ററാണ്. ഇതില്‍ തന്നെ നാലുവരിപ്പാത നുറില്‍ ചില്വാനം കി.മീറ്ററും. റോഡുകളുടെ ദൈര്‍ഘ്യത്തിലും വികസനത്തിലും കാര്യമായി വര്‍ധന ഇല്ലാതിരിക്കുകയും വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ വേഗത്തിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ഗതാഗത വിഭാഗം ഇതുസംബന്ധമായി ബോധവത്കരണം നടത്തി വരുന്നുണ്ടെങ്കിലും ആര്‍ക്കും അത് പാലിക്കാന്‍ നേരമില്ല. അല്ലെങ്കില്‍ മനസ്സില്ല. അപകടത്തില്‍ ചാടുമ്പോഴാണ് മിക്ക പേര്‍ക്കും ബോധം വരുന്നത്. അപ്പോഴേക്കും സമയം വൈകിപ്പോയിരിക്കും. ഫലമോ, റോഡപകടത്തില്‍ മരിക്കുന്നവരുടെയും, തലച്ചോറിനും കൈകാലുകള്‍ക്കും മറ്റും ക്ഷതമേറ്റ് ചീവച്ഛവമായി കിടക്കുന്നവരുടെയും, മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ മക്കളുടെയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളുടെ എണ്ണം 50 ലേറെ വരും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ മാസം 20ന് നിയമസഭയില്‍ വെളിപ്പെടുത്തിയ കണക്കുകളനുസരിച്ച് 2012-ല്‍ 36,174 അപകടങ്ങളിലായി 4,286 പേര്‍ മരിക്കുകയും 41,915 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. 2011-ല്‍ 35,216 അപകടങ്ങളിലായി 4,145 പേരാണ് മരിച്ചത്. 41,437 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2010-ല്‍ യഥാക്രമം ഇത് 35,082 ഉം 3950 ഉം 41,473 -മായിരുന്നു.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, അശ്രദ്ധ, അശാസ്ത്രീയ റോഡ് നിര്‍മാണം തുടങ്ങിവയും റോഡപകട വര്‍ധനവിന് കാരണമാണ്. മദ്യപിച്ചു വാഹനമോടിക്കരുതെന്നാണ് നിയമം. എന്നാല്‍ ഡ്രൈവര്‍മാരില്‍ നല്ലൊരു വിഭാഗം മദ്യപാനികളാണ്. ഇവരെ സ്വാഗതം ചെയ്യാനായി റോഡരികിലെങ്ങും വിദേശ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ വ്യാപകം. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള സംവിധാനങ്ങളും വേണ്ടത്ര ഫലപ്രദമല്ല.
വാഹനാപകടങ്ങളില്‍ കൂട്ടദുരന്തമുണ്ടാകുമ്പോഴാണ് അധികൃതര്‍ ഉണരുന്നതും ജാഗ്രത കൈക്കൊള്ളുന്നതും. അതും ഏതാനും ദിവസത്തേക്ക് മാത്രം. വീണ്ടും സജീവമാകണമെങ്കില്‍ മറ്റൊരു കൂട്ടദുരന്തം സംഭവിക്കണം. ഈ അവസ്ഥ മാറ്റി റോഡ് സുരക്ഷയുടെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ സദാ ജാഗ്രത പാലിക്കണം. അതുപോലെ ഹെല്‍മറ്റ് പരിശോധന പോലുള്ള ദുരന്തത്തിന്റെ തോത് കുറക്കാനാവശ്യമായ നടപടികളുണ്ടാകുമ്പോള്‍ ഹെല്‍മെറ്റ് വേട്ട, വാഹനവേട്ട എന്നിങ്ങനെ കുറ്റപ്പെടുത്തി അധികൃതരുടെ ഉത്തരവാദിത്വ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന പ്രവണത ജനങ്ങളും മാധ്യമങ്ങളും ഉപേക്ഷിക്കേണ്ടതുണ്ട്.