വയനാട്ടില്‍ സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും വധശ്രമം:രണ്ട് പേര്‍ക്ക് പരിക്ക്‌

Posted on: March 25, 2013 11:42 pm | Last updated: March 25, 2013 at 11:44 pm

പടിഞ്ഞാറത്തറ: വയനാട്ടില്‍ സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും വധശ്രമം. എസ് എസ് എഫ് തെങ്ങുംമുണ്ട യൂനിറ്റ് സെക്രട്ടറി പി മുഹമ്മദ് നൗഫല്‍(19), കെ അഷ്‌റഫ്(33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം എഴുതിയത് മായ്ച്ച് പകരം എസ് കെ എസ് എസ് എഫ് എന്ന് എഴുതുകയായിരുന്നു. ഇതിനെ എതിര്‍ത്ത സുന്നീ പ്രവര്‍ത്തകരെ അമ്പതോളം വരുന്ന വിഘടിതര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ നൗഫലിന് വലത് കൈക്കും ചെവിക്കും അഷ്‌റഫിനും സാരമായും പരുക്കേറ്റു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെന്നലോട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഈ മാസം 17ന് പേരാലിലും നാല് സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം നടന്നിരുന്നു. പേരാലില്‍ സുന്നീ സംഘടനയുടെ വളര്‍ച്ചയില്‍ വിറളിപൂ ണ്ട് വിഘടിതര്‍ സുന്നീ പ്രവര്‍ത്തകര്‍ക്കെതിരെ ഗൂഢാലോചന നടത്തി ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ സുന്നീ സംഘടനാ നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. മഹല്ലുകളില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിഘടിതരുടെ നീക്കത്തില്‍ ആത്മസംയനം പാലിക്കണമെന്നും സുന്നീ നേതാക്കള്‍ ആവശ്യപ്പെട്ടു. പരുക്കേറ്റ് ചെന്നലോട് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജില്ലാ സുന്നീ നേതാക്കളായ ഖാരിഅ് കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഉമര്‍ സഖാഫി കല്ലിയോട്, കെ എസ് മുഹമ്മദ് സഖാഫി, പി പി മുഹമ്മദ് സഖാഫി ചെറുവേരി, ബഷീര്‍ സഅദി നെടുങ്കരണ, സുലൈമാന്‍ അമാനി, മുഹമ്മദലി മാസ്റ്റര്‍, ശാഫി ബാഖവി, എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി അബ്ദുല്‍ മജീദ് സഖാഫി സന്ദര്‍ശിച്ചു.