Connect with us

Kottayam

കാമുകിയെ ഡാമില്‍ മുക്കിക്കൊന്ന കേസ്: സുഹൃത്തുക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കോട്ടയം:കാമുകിയായ തമിഴ് യുവതിയെ ചെക്ക് ഡാമില്‍ മുക്കിക്കൊന്ന കേസില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുമളി മുല്ലയാര്‍ സ്വദേശിനിയായ വീരലക്ഷ്മി(27) യെ സ്വകാര്യ റിസോര്‍ട്ടിന് സമീപമുള്ള ഡാമിലിട്ട് കൊലപ്പെടുത്തിയ കേസില്‍ മുല്ലയാര്‍ എക്കാട്ടില്‍ സന്തോഷ്, സുഹൃത്ത് കൊല്ലംകുളം എസ്റ്റേറ്റ് ലയത്തില്‍ വിജയ് (അരുണ്‍) എന്നിവരെയാണ് ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കെ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2010 മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയ വീരലക്ഷ്മിയെ സമീപമുള്ള ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് യുവതിയുടെ മാതാവ് രാജേശ്വരി സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് 2010 ഒക്‌ടോബറില്‍ കേസ് ക്രൈം ബ്രാഞ്ച് എറ്റെടുത്തു. പരിശോധനയില്‍ മരിക്കുന്ന സമയത്ത് വീരലക്ഷ്മി ഗര്‍ഭിണിയായിരുന്നു എന്നു തെളിഞ്ഞു. കൂടിയ അളവില്‍ മദ്യം ഉള്ളില്‍ ചെന്നിരുന്നതായും ശ്വാസകോശത്തില്‍ ചെളി കയറിയതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി സന്തോഷിന് വീരലക്ഷ്മിയുമായി അടുപ്പമുള്ളതായി തെളിഞ്ഞു. ഭാര്യയും കുട്ടിയുമുള്ള സന്തോഷ് ഭാര്യ രണ്ടാമത്തെ പ്രസവത്തിനായി എരുമേലിയിലുള്ള വീട്ടിലേക്ക് പോയ സമയത്ത് വീരലക്ഷ്മിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭിണിയായ യുവതി വിവരം സന്തോഷിനെ അറിയിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ സന്തോഷ് നിര്‍ബന്ധിച്ചുവെങ്കിലും വീരലക്ഷ്മി തയ്യാറായില്ല.ഇതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി സുഹൃത്ത് വിജയ്‌യുടെ സഹായത്തോടെ വീരലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലമായി മദ്യം കഴിപ്പിച്ച ശേഷം കൈകാലുകള്‍ കെട്ടി ഡാമിലിടുകയായിരുന്നു. എന്നാല്‍ ബോധം തെളിഞ്ഞ് വീരലക്ഷ്മി ഉറക്കെ നിലവിളിച്ചപ്പോള്‍ സന്തോഷ് ഡാമിലിറങ്ങി മുടിയില്‍ പിടിച്ചു താഴ്ത്തി മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ബിഹേവിയറല്‍ അനാലിസിസ് എക്‌സ്‌പേര്‍ട്ടായ എബി അലക്‌സാണ്ടുടെ സഹായത്തോടെയാണ്് തെളിയിച്ചത്.