തൃശൂര്‍ ഡി സി സിയിലെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍ന്നു

Posted on: March 25, 2013 11:33 pm | Last updated: March 25, 2013 at 11:33 pm
SHARE

പാലക്കാട്: പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തൃശൂര്‍ ഡി സി സിയില്‍ നിലനിന്നിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. പി സി ചാക്കോയുടെ നോമിനിയായി എ ഗ്രൂപ്പുകാരനായ ഒ അബ്ദുര്‍റഹ്മാന്‍ കുട്ടിയെ ഡി സി സി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് അദ്ദേഹവുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു.
മുന്‍ പ്രസിഡന്റ് വി —ബാലറാമിനെ കെ പി സി സി ജനറല്‍ സെക്രട്ടറിയാക്കാമെന്ന ഉറപ്പിലാണ് പ്രശ്‌നപരിഹാരമായത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പാലക്കാട് ഡി സി സി ഓഫീസില്‍ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ ഐ ഗ്രൂപ്പ് സഹകരിക്കും.
കെ പി സി സി പ്രസിഡന്റിന്റെ കേരള യാത്രയുമായി സഹകരിക്കില്ലെന്ന് നേരത്തെ ഐ ഗ്രൂപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കേരളയാത്രയില്‍ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ കെ പി സി സി പ്രസിഡന്റിന് ഉറപ്പ് നല്‍കി. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ എത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തൃശൂരിലെ ഐ ഗ്രൂപ്പ് നേതാക്കളെ അടിയന്തരമായി വിളിച്ചു വരുത്തി ചര്‍ച്ച നടത്തുകയായിരുന്നു.