Connect with us

Wayanad

വയനാട്-കോഴിക്കോട് റൂട്ടില്‍ ഇനി രാജധാനി ബസുകളും

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നു കോഴിക്കോട്ടേക്ക് കെ എസ് ആര്‍ ടി സി രാജധാനി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഈ ആഴ്ച ഉണ്ടാകുമെന്നാണറിയുന്നത്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കോഴിക്കോട് ഡിപ്പോകള്‍ക്ക് രണ്ടു വീതം രാജധാനി ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ബത്തേരിയില്‍ നിന്നു പുറപ്പെടുന്ന ബസിന് മീനങ്ങാടി, കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കല്‍പ്പറ്റ ടൗണ്‍, താമരശേരി, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് ടൗണ്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുകളുള്ളത്. മാനന്തവാടിയില്‍ നിന്നു പുറപ്പെടുന്ന രാജധാനി ബസ് പനമരത്തും നിറുത്തും. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, താമരശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമേ ഈ ബസിനു ഫെയര്‍ സ്‌റ്റേജ് ഉള്ളു. ഫാസ്റ്റ് ബസിന്റെ ടിക്കറ്റ് ചാര്‍ജും സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ വേഗതയുമാണ് രാജധാനി ബസുകള്‍ക്കുദേശിക്കുന്നത്.രാജധാനി സര്‍വീസുകള്‍ വിജയിച്ചാല്‍ ഇപ്പോഴുള്ള ടി ടി സര്‍വീസുകള്‍ നിറുത്തലാക്കി അവ ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകളാക്കി മാറ്റാനും ആലോചന നടക്കുന്നുണ്ട്. കാരണം ഏകദേശം ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്കുള്ള സ്‌റ്റോപ്പുകള്‍ ഇപ്പോള്‍ ടി ടി സര്‍വീസുകള്‍ക്കുണ്ട്. ലിമിറ്റഡ് സ്‌റ്റോപ്പിന്റെ അത്രയും സമയം ടി ടി ബസുകള്‍ എടുക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ലാഭകരമാണെങ്കില്‍ കൂടുതല്‍ രാജധാനി ബസ് സര്‍വീസുകള്‍ വയനാട് കോഴിക്കോട് റൂട്ടില്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്. നിലവില്‍ കോഴിക്കോട് ഡിപ്പോക്ക് അനുവദിച്ച രണ്ട് ബസുകള്‍ അടക്കം മൊത്തം ആറ് രാജധാനി ബസ് സര്‍വീസുകളുടെ പ്രയോജനം വയനാട്ടുകാര്‍ക്കു ലഭിക്കും.
കല്‍പ്പറ്റയില്‍ നിന്നു രണ്ടു മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ടു രാജധാനി ബസ് സര്‍വീസ് കോഴിക്കോടെത്തും. പ്രാധാന്യമില്ലാത്ത സ്ഥലത്തു വരെ സ്‌റ്റോപ്പുകള്‍ പെരുകിയതു മൂലം ടൗണ്‍ ടു ടൗണ്‍ ബസുകളുടെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ രാജധാനി ബസ് സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.
ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും യാത്രക്കാരുടെയും സമ്മര്‍ദത്തിനു വഴങ്ങി ടി.ടി ബസ് സര്‍വീസുകള്‍ക്ക് മുട്ടിനു മുട്ടിനു സ്‌റ്റോപ്പുകള്‍ അനുവദിച്ച സാഹചര്യത്തില്‍ പുതിയ സര്‍വീസ് ഉപകാരപ്രദമാകും. തീവണ്ടിയാത്രക്കു പുറമെ, വിമാന യാത്രക്കാരും കോഴിക്കോട്ടെ വന്‍കിട ആശുപത്രികളിലേക്കു പോകുന്ന രോഗികളും ബന്ധുക്കളും ഉള്‍പ്പെടെ ദിവസവും വയനാട്ടില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന യാത്രക്കാര്‍ ഏറെയാണ്. ഇവര്‍ക്കെല്ലാം വളരെ ഉപകാര പ്രദമാകും രാജധാനി ബസ് സര്‍വീസുകള്‍.
തിരുവനന്തപുരത്തു നിന്നും ഈ ബസുകള്‍ ഉടന്‍ തന്നെ ജില്ലയില്‍ എത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറഞ്ഞു. ബസുകള്‍ കൊണ്ടുവരാന്‍ വേണ്ടി ജില്ലയില്‍ നിന്ന് ജീവനക്കാര്‍ തിരുവനന്തപുരത്തേക്കു തിരിച്ചിട്ടുണ്ട്.

 

Latest