ഷായുടെ അറസ്റ്റ്: എന്‍ ഐ എ അന്വേഷിക്കുമെന്ന്‌ ഷിന്‍ഡേ

Posted on: March 24, 2013 6:01 pm | Last updated: March 25, 2013 at 1:10 am

Sayed_Liyakat_Shah295

ന്യൂഡല്‍ഹി: ഹിസ്ബ് തീവ്രവാദി ബന്ധം ആരോപിച്ച് സഈദ് ലിയാഖത്ത് ഷായെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് മുന്‍കൈയെടുക്കുന്നത്. ഔദ്യോഗിക തീരുമാനം ഇന്നുണ്ടായേക്കും. കുടുംബ സമേതം കീഴടങ്ങാനെത്തിയ സഈദ് ലിയാഖത്ത് ഷായെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് എന്‍ ഐ എ അന്വേഷണം നടത്തുന്നത്. ജമ്മു കാശ്മീര്‍ പോലീസാണ് ഡല്‍ഹി പോലീസിന്റെ നിലപാടിനെതിരെ രംഗത്ത് വന്നത്. കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു. സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ആവശ്യം. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്.

ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായിരുന്ന ലിയാഖത്ത് അലിയെ പിടികൂടിയതോടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തതായാണ് ഡല്‍ഹി പോലീസ് അവകാശപ്പെട്ടിരുന്നത്. പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയിലുള്ള പ്രതികാരമെന്ന നിലയില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഡല്‍ഹി പോലീസിന്റെ വാദഗതികള്‍ പൊളിഞ്ഞത് കാശ്മീര്‍ പോലീസിന്റെ വിശദീകരണത്തോടെയാണ്. തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് സൈ്വര ജീവിതം നയിക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. ഇത് പ്രകാരം പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി കുടുംബത്തോടൊപ്പം സനോളി ചെക്‌പോസ്റ്റിലെത്തി ലിയാഖത്ത് വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ജമ്മു കാശ്മീരിലേക്ക് പോകും വഴിയാണ് ഇയാളെ പിടികൂടിയതെന്നാണ് ജമ്മു കാശ്മീര്‍ പോലീസും കുടുംബാംഗങ്ങളും വ്യക്തമാക്കിയത്. അറസ്റ്റിനെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉന്നത ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. കാശ്മീരില്‍ കീഴടങ്ങാനെത്തുന്നവര്‍ സാധാരണയെത്തുന്നത് നേപ്പാള്‍ അതിര്‍ത്തിവഴിയാണ്. ഇതുവരെ 150 പേരാണ് കീഴടങ്ങിയതെന്നും 115 പേരും എത്തിയത് ഈ വഴിയാണെന്നും കാശ്മീര്‍ പോലീസ് പറയുന്നു.
അതിനിടെ, പഴയ ഡല്‍ഹിയിലെ ഗസ്റ്റ് ഹൗസില്‍ ആയുധങ്ങളും സ്‌ഫോടനങ്ങളുമെത്തിച്ചതെന്ന് കരുതുന്നയാളുടെ രേഖാ ചിത്രം ഡല്‍ഹി പോലീസ് ഇന്നലെ പുറത്തുവിട്ടു. സി സി ടി വി ദൃശ്യങ്ങളെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.