Connect with us

National

മുസ്ലീം യുവാക്കള്‍ പ്രതികളായ തീവ്രവാദക്കേസുകള്‍ക്ക് പ്രത്യക കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദ കേസുകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ പ്രതികളാകുന്ന കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി റഹ്മാന്‍ ഖാന്‍. ഇതിനു വേണ്ട അനുമതി ആഭ്യന്തര മന്ത്രാലയം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നിരപരാധികളായ മുസ്‌ലിം യുവാക്ക ള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതികളാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയത്. ശനിയാഴ്ച ഇതു സംബന്ധിച്ച് ഉറപ്പ് ആഭ്യന്തര മന്ത്രി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉടനെ സ്ഥാപിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ തീവ്രവാദ കേസുകളില്‍ കസ്റ്റഡിയിലുള്ള വിവരം ആഭ്യന്തര മന്ത്രാലയത്തിന് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാനും നിരപരാധികളെ മോചിപ്പിക്കാനും ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേസുകള്‍ അതിവേഗ കോടതികളിലെത്തുന്നതോടെ തടവില്‍ കഴിയുന്ന നിരപരാധികള്‍ എളുപ്പം മോചിതരാകും.
സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തുല്യ അവസര കമ്മീഷന്‍ സംബന്ധിച്ച ബില്‍ അവതരിപ്പിക്കും. ക്യാബിനറ്റ് മന്ത്രിതല സംഘം ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് നിര്‍ദിഷ്ട ബില്‍. ബില്ലിന്റെ കരട് നിയമ മന്ത്രിക്ക് സമര്‍പ്പിച്ചിരിക്കയാണ്. 67 ലക്ഷം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കൂടി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 1,249 കോടി രൂപ നീക്കിവെച്ചു.
ന്യൂനപക്ഷ സമുദായത്തിലെ വനിതകള്‍ക്ക് പരിശീലനം നല്‍കും. 36, 950 യുവതികള്‍ക്കാണ് പരിശീലനം നല്‍കുക. 12 സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യഘട്ടം നടപ്പാക്കുക. 10.45 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. എന്നാല്‍, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് പിടിക്കാനാണ് സര്‍ക്കാറിന്റെ ന്യൂനപക്ഷ പ്രേമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Latest