കിഴക്കഞ്ചേരിയില്‍ സി പി എമ്മില്‍ നിന്ന് 101 പേര്‍ സി പി ഐയിലേക്ക്

Posted on: March 24, 2013 8:00 am | Last updated: March 24, 2013 at 8:00 am
SHARE

cpimപാലക്കാട്: സി പി എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കിഴക്കഞ്ചേരിയിലാണ് സി പി എമ്മിന് തിരച്ചടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊഴിഞ്ഞ് പോയിരിക്കുന്നത്.
മലയോര മേഖലയായ വാല്‍ക്കുളമ്പ്, പനംകുറ്റി, പാറക്കളം, ലവണപ്പാടം എന്നി പ്രദേശങ്ങളില്‍ സി പി എമ്മിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും അനുഭാവികളും സജീവ പ്രവര്‍ത്തകരുമായ 101 പേരും അവരുടെ കുടംബങ്ങളുമാണ് രാജിവെച്ച് സി പി ഐയിലേക്ക് ചേര്‍ന്നതെന്ന് സി പി ഐ കിഴക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രാദേശിക നേതാക്കളുടെ അഴിമതിയും തൊഴിലുറപ്പ് മേറ്ററന്റെ അഴിമതിയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പനംകുറ്റി ക്വാറിക്ക് ഒത്താശയും ചെയ്യുന്നുവെന്നാരോപിച്ചാണ് സി പി എം വിടാന്‍ പ്രേരിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പഞ്ചായത്തില്‍ വീട് വെക്കുന്നതിനും അറ്റകുറ്റപണികള്‍ക്കും മറ്റു ആനൂകൂല്യങ്ങള്‍ക്കും വിതരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ പക്ഷപാതിത്വമായി നല്‍കുന്നുവെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിന് പരാതി നല്‍കിയെങ്കിലും ഈ നടപടി തിരുത്താനോ, ഇതിന് മറുപടി നല്‍കാനോ ഇവര്‍ തയ്യാറാകുന്നില്ലെന്നാണ് രാജിവെച്ചവര്‍ കുറ്റപ്പെടുത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നില്‍ അടുത്ത ദിവസങ്ങളില്‍ സി പി ഐയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടി കള്‍ സംഘടിപ്പിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ രാമചന്ദ്രന്‍ പറഞ്ഞു. സി പി എമ്മില്‍ നിന്ന് രാജിവെച്ച് സി പി ഐയില്‍ ചേര്‍ന്നവര്‍ക്ക് വാല്‍ക്കുളമ്പില്‍ നല്‍കിയ സ്വീകരണയോഗം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഹനീഫ ഉദ്ഘാടനം ചെയ്തു. ഷിബു കുര്യന്‍ അധ്യക്ഷത വഹിച്ചു.
ആലത്തൂര്‍ മണ്ഡലം സെക്രട്ടറി എന്‍ അമീര്‍, എല്‍ സി സെക്രട്ടറി കെ രാമചന്ദ്രന്‍, വി കുട്ടപ്പന്‍, പി ജെ റെജിമോന്‍, ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു.