ഒമാനില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ വെടിവെച്ചു

Posted on: March 23, 2013 9:49 pm | Last updated: March 23, 2013 at 9:59 pm
SHARE

മസ്‌കത്ത്: അധ്യാപകന്റെ വെടിയേറ്റ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. രാവിലെ ശിനാസിലെ സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് പരിഭ്രാന്തി സൃഷ്ടിച്ച സംഭവമുണ്ടായത്. വെടിവെച്ച അധ്യാപകന്‍ പോലീസ് സ്‌റ്റേഷനിലെത്തി പിടികൊടുത്തു. സംഭവം റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശിനാസ് സഅദ് ബിന്‍ അബീ വഖാസ് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന അബ്ദുല്‍ അസീസ് അല്‍ ബലൂഷി എന്ന വിദ്യാര്‍ഥിക്കാണ് വെടിയേറ്റത്. സ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനായ പ്രതിയുടെ ക്രൂരമായ പ്രവര്‍ത്തനം. അബ്ദുല്‍ അസീസ് അല്‍ മഅ്മരി എന്ന അധ്യാപകനാണ് പ്രതിയെന്ന് സംഭവത്തിനു ദൃക്‌സാക്ഷിയായ അല്‍ മുഹൈബ് അല്‍ സഅദി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളിലെത്തിയ പ്രതി അബ്ദുല്‍ അസീസിന്റെ ക്ലാസ് ടീച്ചറോട് താന്‍ കുട്ടിയുടെ ബന്ധുവാണെന്നും ഒന്നു കാണേണ്ടതുണ്ടെന്നും അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ക്ലാസ് ടീച്ചര്‍ അബ്ദുല്‍ അസീസിനെ ക്ലാസിന്റെ വെളിയിലേക്ക് കൂട്ടി കൊണ്ടു വന്നു. ഈ സമയം പ്രതി തന്റെ കൈവശമുണ്ടായിരുന്ന ഒമ്പത് എം എം റിവോള്‍വര്‍ കൊണ്ട് അബ്ദുല്‍ അസീസ് അല്‍ ബലൂഷിയുടെ ഉദരഭാഗത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.