മുശര്‍റഫിന് പാക് കോടതി സംരക്ഷിത ജാമ്യം അനുവദിച്ചു

Posted on: March 23, 2013 9:06 am | Last updated: March 23, 2013 at 12:07 pm
SHARE

Pervez Musharrafഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുശര്‍റഫിന് പാക് കോടതി സംരക്ഷിത ജാമ്യം അനുവദിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ മുശര്‍റഫ് പാക്കിസ്ഥാനില്‍ മടങ്ങിയെത്താനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്. കറാച്ചിയിലെ സിന്ധ് ഹൈക്കോടതിയാണ് മുശര്‍റഫിന് സംരക്ഷിത ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ വീതം ഓരോ കേസിലും കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുശര്‍റഫിന്റെ മകള്‍ ഐല റാസാ മുശര്‍റഫ് കോടതിയില്‍ സമര്‍പ്പിച്ച ഭരണഘടനാ ഹരജിയിലാണ് പതിനാല് ദിവസത്തെ സംരക്ഷിത ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി സംരക്ഷിത ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
2009ല്‍ പാക്കിസ്ഥാന്‍ വിട്ട മുശര്‍റഫ് പിന്നീട് സ്വയം പ്രവാസ ജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് ലണ്ടനിലും ദുബൈയിലുമായാണ് കഴിഞ്ഞത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് 2011ല്‍ തീവ്രവാദവിരുദ്ധ കോടതി മുശര്‍റഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബലൂചിസ്ഥാനിലെ നേതാവിനെ കൊലപ്പെടുത്തിയ കേസിലും വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
മെയ് 11നാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ്. ആള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവ് കൂടിയായ മുശര്‍ഫ് പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുന്നതിനാണ് മടങ്ങിയെത്തുന്നത്.