ഒറ്റക്കാലുമായി ദേശീയ വോളി താരം എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു

Posted on: March 23, 2013 10:15 am | Last updated: March 24, 2013 at 10:08 am
SHARE

24isbs_SPORT-AR_23_1404459eജംഷഡ്പൂര്‍: വലതു കാല്‍ നഷ്ടപ്പെട്ട ദേശീയ വോളീ താരം അരുണിമ സിന്‍ഹ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. രണ്ട് വര്‍ഷം മുമ്പ് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് നഷ്ടപ്പെട്ട കാലിന്റെ സ്ഥാനത്ത് അവര്‍ ഇപ്പോള്‍ കൃത്രിമ കാലാണ് ഉപയോഗിക്കുന്നത്. സഹായി സുഷന്‍ മഹാതോക്കൊപ്പമാണ് അരുണിമ ലോകത്തിന്റെ നെറുകയിലേക്ക് കയറാന്‍ ശ്രമിക്കുന്നത്. അവരുടെ യാത്ര ഇന്നലെ ടാറ്റാ സ്റ്റീല്‍ വൈസ് പ്രസിഡന്റ് സജീവ് പോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇരുവരും ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര പുറപ്പെടും. മെയ് രണ്ടാമത്തെ ആഴ്ചയിലായിരിക്കും ഇരുവരും എവറസ്റ്റ് ആരോഹണം തുടങ്ങുക.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ നിവാസിയായ അരുണിമ ലക്‌നോവില്‍ നിന്നുള്ള യാത്രക്കിടെയാണ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണത്. ചെയിന്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെ മോഷണസംഘം ഇവരെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് പിടിച്ചു തള്ളുകയായിരുന്നു.
വലത് കാലിന് ഗുതുതര പരുക്കേറ്റ അരുണിമയെ ഛത്രപതി മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാല്‍ ശസ്ത്രക്രിയ വിജയം കാണാത്തതിനെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റേണ്ടി വന്നു. തുടര്‍ന്ന് കൃത്രിമ കാല് പിടിപ്പിക്കുകയായിരുന്നു.