കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി

Posted on: March 22, 2013 1:09 am | Last updated: March 26, 2013 at 11:02 am
SHARE

italian-marines-fishermen-k

ന്യൂഡല്‍ഹി:കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മടങ്ങിയെത്തി. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് നാവികരെയും വഹിച്ചുള്ള പ്രത്യേക ഇറ്റാലിയന്‍ സൈനിക വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 20 മിനുട്ടുകള്‍ക്കുള്ളില്‍ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് കൊണ്ടുപോയി. ബോയിംഗ് 767 ഇനത്തില്‍പെട്ട സൈനിക വിമാനത്തിലാണ് കടല്‍ക്കൊലകേസില്‍ വിചാരണ നേരിടുന്ന നാവികരായ മാസിമിലിയാനോ ലത്തോരെയും സാല്‍വത്തോരെ ജിറോനെയും എത്തിയത്. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂരയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡാനിയേല്‍ മന്‍സീനിയും ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാവികരെ മടക്കിയയക്കാന്‍ ഇറ്റലി തയ്യാറായത്. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നാവികര്‍ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന ആശങ്ക ഇറ്റലിയില്‍ ശക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാര്‍ലിമെന്റിനെ അഭിസംബേധന ചെയ്യവെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇത് സ്ഥിരീകരിച്ചു. ഉറപ്പുകള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും നാവികരുടെ മൗലികാവകാശം സംരക്ഷിക്കു മെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി അനുവദിച്ച നാലാഴ്ചത്തെ ജാമ്യത്തില്‍ നാട്ടിലേക്ക് പോയ നാവികരെ തിരികെ വിടില്ലെന്ന ഇറ്റലിയുടെ നിലപാട് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെ വ്യാഴാഴ്ചയാണ് നാവികരെ ഇന്ത്യയിലേക്ക് അയക്കാമെന്ന് ഇറ്റലി സമ്മതിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ് നാവികര്‍ക്ക് സുപ്രീം കോടതി നാല് ആഴ്ചത്തെ ജാമ്യം അനുവദിച്ചത്. ഇന്നലെയായിരുന്നു നാവികര്‍ തിരികെയെത്തേണ്ട അവസാന ദിവസം.
നാവികര്‍ തിരിച്ചെത്തില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയിലുള്ള ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സീനിയോട് രാജ്യം വിട്ടുപോകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നാവികരെ തിരിച്ചെത്തിക്കാമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. നാവികരെ തിരികെയെത്തിച്ചതിനെ തുടര്‍ന്ന് മന്‍സീനി രാജ്യം വിടാനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും.
നാവികരുടെ തിരിച്ചുവരവ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.
അതേസമയം, വധശിക്ഷ ലഭിച്ചേക്കില്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റാലിയന്‍ നാവികരുടെ വിചാരണക്കായി പ്രത്യേക കോടതി രൂപവത്കരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാവികരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്നും പ്രത്യേക കോടതി രൂപവത്കരിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.