മുഷറഫിനെതിരെ റെഡ്‌കോര്‍ണര്‍: ആവശ്യം ഇന്റര്‍പോള്‍ തള്ളി

Posted on: March 21, 2013 1:52 pm | Last updated: March 21, 2013 at 1:52 pm
SHARE

Pervez Musharrafഇസ് ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്റര്‍ പോള്‍ തള്ളി. ബേനസീര്‍ ഭൂട്ടോ വധക്കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് പാക്കിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുഷറഫിനെ അറസ്റ്റ് ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യം ഇന്റര്‍ പോള്‍ തള്ളുന്നത്. പാക്കിസ്ഥാന്‍ നല്‍കിയ രേഖകള്‍ അപൂര്‍ണമാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷവും ഈ ആവശ്യം ഇന്റര്‍പോള്‍ തള്ളിയിരുന്നു.
ദുബൈയില്‍ നിന്ന് ഈ മാസം 24ന് പാക്കിസ്ഥാനിലേക്ക് തിരിച്ചുവരുമെന്ന് മുഷറഫ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തന്റെ തിരിച്ചുവരവെന്നും മുഷറഫ് വ്യക്തമാക്കിയിരുന്നു.