സര്‍വകക്ഷി തീരുമാനം നടപ്പായില്ല; വടകരയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് തോന്നിയ വില

Posted on: March 21, 2013 12:47 pm | Last updated: March 21, 2013 at 12:47 pm
SHARE

foodവടകര: വടകര ടൗണിലെ ഹോട്ടലുകളിലും ചായക്കടകളിലും ചായക്കും ഊണിനും പലഹാരങ്ങള്‍ക്കും വില കുറക്കണമെന്ന തീരുമാനം നടപ്പായില്ലെന്ന് ആക്ഷേപം ഉയരുന്നു. താലൂക്ക് ഭരണകൂടവും ജനപ്രതിനിധികളും സര്‍വകക്ഷി സമരസമിതിയും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി സംഘടനകള്‍ എന്നിവരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറക്കാന്‍ തീരുമാനിച്ചത്.
ചായക്ക് ആറും ഊണിന് 27ഉം ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ക്ക് ആറും ആയിട്ടാണ് നിജപ്പെടുത്തിയത്. ഈ മാസം 15 മുതല്‍ ഈ വിലയില്‍ വില്‍ക്കുമെന്ന് ഹോട്ടല്‍ ഉടമ സംഘടനകള്‍ താലൂക്ക് ഭരണകൂടത്തിന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍വകക്ഷികള്‍ വില വര്‍ധനക്ക് എതിരെയുള്ള സമരം പിന്‍വലിച്ചത്.
എന്നാല്‍ തീരുമാനം വന്നിട്ടും ടൗണിലെ ഭൂരിഭാഗം കടകളും വില കുറക്കാന്‍ തയ്യാറായിട്ടില്ലെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്. ചില കടകളില്‍ ഊണ്‍ സ്‌പെഷ്യല്‍ എന്ന പേരില്‍ 30 രൂപക്കും മറ്റും കൊടുക്കുന്നതായി പരാതിയുണ്ട്. വില കുറക്കണമെന്ന താലൂക്ക് ഭരണകൂടതീരുമാനം ലംഘിക്കുന്ന കടകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍വകക്ഷി സമരസമിതി യോഗം ആവശ്യപ്പെട്ടു.
ഹോട്ടല്‍ ഉടമകള്‍ തോന്നിയ വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊക്രന്റവിട ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി എച്ച് നാണു, ആര്‍ കെ സുരേഷ്ബാബു, സി കുമാരന്‍, പ്രദീപ് ചോമ്പാല, വി ഗോപാലന്‍, കെ പ്രകാശന്‍, സി കെ കരിം, പി സത്യനാഥന്‍, പി റനീഷ്, അടിയേരി രവീന്ദ്രന്‍, ടി കെ ഷെരീഫ് സംസാരിച്ചു.