Connect with us

Kozhikode

കുന്നിടിച്ച് വ്യാജ മണല്‍ നിര്‍മാണം വ്യാപകം

Published

|

Last Updated

താമരശ്ശേരി: പ്രതിഷേധങ്ങള്‍ക്കിടയിലും മലയോര മേഖലയില്‍ കുന്നിടിച്ചുള്ള വ്യാജ മണല്‍ നിര്‍മാണം തുടരുന്നു. പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വ്യാജ മണല്‍ നിര്‍മാണത്തിനായി കുന്നിടിക്കുന്നത്.
ഈങ്ങാപ്പുഴ വില്ലേജ് പരിധിയിലെ പെരുമ്പള്ളി ആറാം മുക്കില്‍ വലിയ കുന്നാണ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ പ്രദേശത്തെ പതിനഞ്ചോളം വീടുകള്‍ക്കും കുന്നിടിക്കല്‍ ഭീഷണിയായതോടെ നാട്ടുകാര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. കുന്നിടിക്കലിനെ ചോദ്യം ചെയ്യുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.
കുന്നിടിച്ചെടുക്കുന്ന മണ്ണ് വ്യാജ മണല്‍ നിര്‍മാണത്തിനായി വിവിധ പ്രദേശങ്ങളിലേക്ക് കടത്തുകയാണ്്. കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും കുന്നിടിക്കല്‍ വ്യാപകമാണ്. താമരശ്ശേരി ചുങ്കം മൃഗാശുപത്രിക്ക് സമീപത്തെ വലിയ കുന്ന് ഇടിച്ച് നിരപ്പാക്കുകയായിരുന്ന രണ്ട് മണ്ണുമാന്തിയും മൂന്ന് ടിപ്പറുകളും കഴിഞ്ഞ ദിവസം താമരശ്ശേരി എസ് ഐ. കെ ടി ശ്രീനിവാസന്‍ പിടികൂടിയിരുന്നു.
കുപ്പായക്കോട് ഭാഗത്തെ കുന്നിടിക്കുന്നതിനിടെ ഒരു മണ്ണുമാന്തിയും രണ്ട് ടിപ്പറുകളും തിങ്കളാഴ്ച താമരശ്ശേരി പോലീസ് പിടികൂടി. കുന്നുകള്‍ ഇടിച്ച് വയല്‍പ്രദേശങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് നികത്തുന്നത് വ്യാപകമാണെങ്കിലും റവന്യൂ വകുപ്പ് ഇക്കരാ്യത്തില്‍ ഇടപെടാറില്ല. കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കുന്നിടിക്കലിനെതിരെ നിരന്തര പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി ആരംഭിച്ചത്.
എന്നാല്‍ ഉന്നതങ്ങളില്‍ സ്വാധീനിച്ച് പോലീസിനെ നിഷ്‌ക്രിയരാക്കാനുള്ള ശ്രമമാണ് മണ്ണ്, മണല്‍ മാഫിയാ സംഘങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. ചില പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പരിസ്ഥിതി ചൂഷണത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് നടപടി സ്വീകരിക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.
പ്രദേശിക തലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

 

Latest