സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിലാകരുത്‌

Posted on: March 21, 2013 10:31 am | Last updated: March 26, 2013 at 11:03 am
SHARE

SIRAJ.......തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിടമത്സരത്തിന്റെ ഭാഗമെന്നോണം യു പി എ സംവിധാനത്തില്‍ ഏറെക്കാലം ഉറച്ചുനിന്ന ഡി എം കെ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് മുന്നണിയുമായി വഴിപിരിഞ്ഞിരിക്കയാണ്. അഞ്ച് ഡി എം കെ മന്ത്രിമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ തീട്ടൂരം ശിരസാ വഹിച്ചു് രാജിക്കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു്. ഇന്ന് നടക്കുന്ന യു എന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ശ്രീലങ്കന്‍ സേന നടത്തുന്ന നരഹത്യകൂടി പരാമര്‍ശിക്കണമെന്നും ഇന്ത്യ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്യണമെന്നുമുള്ള ഡി എം കെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡി എം കെ തീരുമാനത്തെ തുടര്‍ന്ന് ന്യൂനപക്ഷമായ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മൂലായം സിംഗിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍സമാജ് വാദി പാര്‍ട്ടിയും പുറത്തു നിന്ന് വെച്ചുനീട്ടുന്ന പിന്തുണയുടെ ബലത്തില്‍ തത്കാലം വീഴില്ലെന്ന് മാത്രം. മൂലായമിന്റെയും മായാവതിയുടെയും സമ്മര്‍ദ രാഷ്ട്രീയത്തെ അതിജീവിച്ച് എത്ര കാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നത് പ്രവചനാതീതം.
ഇടക്കാല തിരഞ്ഞെടുപ്പിന് രംഗപശ്ചാത്തലമൊരുങ്ങുന്ന സാഹചര്യത്തില്‍ നില ഭദ്രമാക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തത്രപ്പാടാണ് ഡി എം കെയുടെയും തീരുമാനത്തിന് പിന്നില്‍. തമിഴ് പ്രശ്‌നമുയര്‍ത്തിപ്പിടിച്ച് കടന്നുകയാറാനുള്ള ദ്രാവിഡ മുന്നേററ കഴകത്തിന്റെ തീരുമാനം സംസ്ഥാനത്ത് ശക്തിപ്പെട്ടുവരുന്ന തമിഴ് വികാരത്തിന്റെ പ്രതിഫലനം കൂടിയായാണ് രാഷ്ട്രീയ നിരീക്ഷ.കര്‍ കാണുന്നത്. ലങ്കന്‍ തമിഴരുടെ പേരില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി യുവജന പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് യു പി എയുമായും കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം കരുണാനിധി ഉപേക്ഷിക്കുന്നത്.
രണ്ട് ദശകം നീണ്ട ആഭ്യന്തര പോരാട്ടത്തിനൊടുവില്‍ 2009ല്‍ എല്‍ ടി ടി ഇയെ തുടച്ചുനീക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനിടയില്‍ ശ്രീലങ്കന്‍ സേന നാല്‍പ്പതിനായിരം സാധാരണക്കാരെ കശാപ്പ് ചെയ്ത സംഭവം ഐക്യരാഷ്ട്ര സംഘടന നേരത്തെ ലോകത്തെ അറിയിച്ചിരുന്നു. പുലിപ്പടയുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരനെ തിരഞ്ഞു പിടിച്ച് വകവരുത്തുകയും അദ്ദേഹത്തിന്റെ പുലിപ്പട്ടാളത്തെ ഉന്മൂലനം ചെയ്യുകയും ചെയ്ത ശേഷവും ദ്വീപ് രാഷ്ട്രത്തില്‍ വ്യാപക മനുഷ്യാവകാശലംഘനങ്ങള്‍ തുടരുകയായിരുന്നു. അന്താരാഷ്ട്ര പ്രതിഷേധ#ം കൊടുമ്പിരി കൊണ്ടപ്പോഴും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിക്കുകയും ഇന്ത്യ അനുകൂലമായി ഹിതം രേഖപ്പെടുത്തുകയും ചെയതു. എന്നാല്‍ പ്രമേയത്തിന് പുല്ലുവില കല്‍പ്പിക്കാന്‍ ലങ്കയിലെ മഹീന്ദ രജപക്‌സെ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിഷയം വീണ്ടും പരിഗണിക്കാനായി ഇന്ന് സമ്മേളിക്കുന്നത്. 2009ലെ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങളും അന്വേഷിക്കാന്‍ ലങ്കയോട് തന്നെ ആവശ്യപ്പെടുന്ന അമേരിക്കന്‍ പ്രമേയമാണ് പരിഗണിക്കുന്നത്., പ്രമേയ വോട്ടെടുപ്പില്‍ ഇന്ത്യ കൈക്കൊള്ളുന്ന നിലപാട് സംബന്ധിച്ച് ഏതാനും ദിവസങ്ങളായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുകയായിരുന്നു. ലങ്കയിലെ തമിഴ് പുലികളുടെ വിഘടനവാദത്തെയും സ്വതന്ത്ര തമിഴ് ഈഴം സ്ഥാപിക്കാനുള്ള അവരുടെ പോരാട്ടത്തെയും എതിര്‍ത്തവര്‍ പോലും ലങ്കന്‍ സേനയുടെ ക്രൂരകൃത്യങ്ങളെ അപലപിക്കുന്നുണ്ട്. ഇതോടൊപ്പം ലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിന്റെ പുനരധിവാസം പ്രാവര്‍ത്തികമാക്കുന്നതിലും അവര്‍ക്ക് തുല്യ പൗരാവകാശം ഉറപ്പാക്കുന്നതിലുമുള്ള രജപക്‌സെ സര്‍ക്കാരിന്റെ അലംഭാവത്തില്‍ ആഗോള സമൂഹത്തിനുള്ളതു പോലെ ഇന്ത്യക്കും ഉത്കണ്ഠയുമുണ്ട്.
എന്നാല്‍ തമിഴ്‌നാട്ടില്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന്റെ പേരില്‍ നടത്തുന്ന കോലാഹലവും പ്രക്ഷോഭങ്ങളും ഏറ്റവും ഒടുവില്‍ ഡി എം കെയുടെ മുന്നണി പിന്മാറ്റവും ലങ്കയിലെ മനുഷ്യാവകാശപ്രശ്‌നങ്ങളിലുള്ള താത്പര്യമോ തമിഴ് വംശജരോടുള്ള ഐക്യദാര്‍ഢ്യമോ ആയി കാണാനാകില്ലെന്നതാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തമിഴ് വികാരമിളക്കി വിട്ട് നേട്ടം കൊയ്യാനാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി എം കെയുടെ ശ്രമം. ഈ വിഷയത്തില്‍ ഏതറ്റം വരെയും ഡി എം കെ പോകുമെന്ന് ഓര്‍ക്കാപ്പുറത്ത് പോലും നിനച്ചിരിക്കാതിരുന്ന യു പി എയും കോണ്‍ഗ്രസും പ്രതിസന്ധയിലകപ്പെട്ടെങ്കിലും ഊരാവുന്ന പഴുതുകള്‍ ഡി എം കെ വെച്ചു നീട്ടുന്നുണ്ട്. അമേരിക്കന്‍ പ്രമേയത്തെ പിന്തുണക്കുകയോ, വംശഹത്യയെന്ന പദപ്രയോഗം കൂട്ടിച്ചേര്‍ക്കുകയോ ചെയ്താലും തീരുമാനം കരുണാനിധി പുനപ്പരിശോധിച്ചേക്കും . ഇതും സാധ്യമായില്ലെങ്കില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ലങ്കയെ അധിക്ഷേപിക്കുന്ന പ്രമേയം പാസാക്കിയെടുക്കണം, ഈ സാഹചര്യങ്ങളൊത്താല്‍ ഡി എം കെ വീണ്ടും യു പി എയുടെ ഭാഗമായെന്നു വരും. എന്നാല്‍ ദേശീയ വീക്ഷണത്തോടെ ആഗോള കാഴ്ചപ്പാട് വെച്ചു പുലര്ത്തുന്ന സര്‍ക്കാരിനും രാഷ്യ്രീയ പാര്‍ട്ടിക്കും പ്രാദേശിക സമ്മര്‍ദ്ദത്തിന് എത്രത്തോളം വഴങ്ങാമെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ ഡി എം കെയുടെ താത്പര്യം ഏത് അളവുകോല്‍ വെച്ച് അളന്നാലും ഇന്ത്യ ദീര്‍ഘ വീക്ഷണത്തോടെയുള്ള നിലപാടായിരിക്കണം കൈക്കൊള്ളേണ്ടത്. അന്യ രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിലെ അതിര്‍വരമ്പ്, ലങ്കയുടെ പ്രതികരണം. പ്രമേയത്തിന് പിന്നിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ എന്നിവ സംബന്ധിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പല വട്ടം ആലോചിക്കേണ്ടതുണ്ട്.