ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചു

Posted on: March 20, 2013 7:50 pm | Last updated: March 21, 2013 at 10:07 am
SHARE

Bangladesh_ZillurRahman

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രാദേശിക സമയം വൈകീട്ട് 6.47നായിരുന്നു അന്ത്യം. മരണസമയം മക്കളും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ബംഗ്ലാദേശില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം പത്തിനാണ് സില്ലുര്‍ റഹ്മാനെ ധാക്കയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം രൂക്ഷമായതോടെ അടുത്ത ദിവസം തന്നെ സിംഗപ്പൂരിലേക്ക് മാറ്റുകയായിരുന്നു.
ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു സില്ലുര്‍ റഹ്മാന്‍. 2009ലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശ് സ്ഥാപക നേതാവും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവുമായിരുന്ന ഷേഖ് മുജീബുര്‍റഹ്മാന്റെ അടുത്ത സഹായിയായിരുന്നു റഹ്മാന്‍.
പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ലിമെന്ററി സ്പീക്കര്‍ അബ്ദുല്‍ ഹാമിദിനെ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന അനുശോചനം രേഖപ്പെടുത്തി.