മണ്ണിനെയും മരങ്ങളെയും കാക്കാന്‍ സ്‌കൂളുകളില്‍ ഹരിത സേന ഒരുങ്ങുന്നു

Posted on: March 20, 2013 2:17 pm | Last updated: March 21, 2013 at 10:28 am
SHARE

haritha sena-photo-knrകണ്ണൂര്‍: മണ്ണിനെയും മരങ്ങളെയും കാക്കാന്‍ നാടൊട്ടുക്കും ഹരിതാഭമാക്കാന്‍ സ്‌കൂളുകളില്‍ ‘കുട്ടിപ്പട്ടാളം’ വരുന്നു. 3,500ഓളം സ്‌കൂളുകളില്‍ പരീക്ഷിച്ച് വിജയിച്ച ദേശീയ ഹരിത സേനയുടെ മാതൃകയില്‍ ആവിഷ്‌കരിക്കുന്ന സംസ്ഥാന ഹരിത സേനയാണ് ഇനി മണ്ണും മരങ്ങളും തെളിനീരുറവകളും കാത്തുസൂക്ഷിക്കാന്‍ രംഗത്തെത്തുന്നത്.

നാഷനല്‍ കേഡറ്റ് കോര്‍ മാതൃകയില്‍ കേരളത്തിലെ 2,500 വിദ്യാലയങ്ങളിലാണ് സംസ്ഥാന ഹരിത സേനയുടെ പരിസ്ഥിതി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ദേശീയ ഹരിത സേനയിലൂടെ രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒന്നര ലക്ഷം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി 14 ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സംസ്ഥാന ഹരിത സേന തുടങ്ങുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത സേന പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ അനുവദിച്ചതുപോലെ സംസ്ഥാന ഹരിത സേനക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി ഇതിനകം വകയിരുത്തി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വേനലവധിക്ക് മുമ്പുതന്നെ 2500 വിദ്യാലയങ്ങളില്‍ ഹരിതസേനയുടെ പ്രവര്‍ത്തനം നടപ്പാക്കാനാണ് തീരുമാനം. ഹരിത സേനാ പ്രവര്‍ത്തനത്തിനായുള്ള ജില്ലാ-സംസ്ഥാന പരിശീലന പരിപാടികളും തുടങ്ങിക്കഴിഞ്ഞു. 50 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ 10,000 അധ്യാപകരെയാണ് പരിശീലിപ്പിക്കുന്നത്.
പഠനത്തിനൊപ്പം കുട്ടികളെ കൃഷി-പാരിസ്ഥിതിക ബോധമുണ്ടാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയെന്നതാണ് പ്രധാനലക്ഷ്യം. രാവിലെയും വൈകുന്നേരവും അവധി ദിവസങ്ങളിലുമാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുട്ടികള്‍ക്ക് അറിവ് പകരുക. സ്‌കൂളിന് സമീപത്തുള്ള പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കുന്ന്, വയല്‍ സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കുട്ടികളെ പ്രാപ്തരാക്കും. ജൈവപച്ചക്കറി ഉത്പാദനത്തിനും മറ്റുമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഓരോ നാട്ടിലെയും കുളങ്ങള്‍, വയലുകള്‍, തോടുകള്‍ തുടങ്ങിയ നീര്‍ത്തടങ്ങളെക്കുറിച്ചുള്ള സര്‍വേ സംഘടിപ്പിക്കാനും ഇവ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് പദ്ധതി ആവിഷ്‌കരിക്കാനും ഹരിതസേന രംഗത്തിറങ്ങും. ഓരോ വിദ്യാലയത്തിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് നിശ്ചിത തുകയും നല്‍കും. ഹരിതസേനയിലെ കുട്ടികള്‍ക്ക് പ്രത്യേക യൂനിഫോമുള്‍പ്പെടെ നല്‍കാനും പദ്ധതിയുണ്ട്.
ഓരോ വര്‍ഷവും സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ തോത് അപകടകരാം വിധം കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും താഴെത്തട്ടില്‍ നിന്നു തന്നെ പാരിസ്ഥിതിക ബോധവത്കരണ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ശാസ്ത്രജ്ഞനും പദ്ധതിയുടെ നോഡല്‍ ഓഫീസറുമായ ഡോ. കമലാക്ഷന്‍ പറഞ്ഞു. ദേശീയ ഹരിതസേനയില്‍ അംഗങ്ങളായിട്ടുള്ള രണ്ട് ലക്ഷം വിദ്യാര്‍ഥികളും പുതുതായി അംഗങ്ങളാകുന്ന ഒന്നര ലക്ഷം വിദ്യാര്‍ഥികളുമുള്‍പ്പെടെ മൂന്നര ലക്ഷത്തോളം കുട്ടികള്‍ പരിസ്ഥിതി സംരക്ഷണത്തിന് രംഗത്തിറങ്ങുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ജില്ലകളില്‍ പദ്ധതി പ്രവര്‍ത്തനത്തിനാവശ്യമായ ധനസഹായം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. മുഴുവന്‍ സ്‌കൂളുകളിലും സംസ്ഥാന ഹരിത സേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.