ഭക്ഷ്യ സുരക്ഷാ ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം

Posted on: March 19, 2013 5:42 pm | Last updated: March 20, 2013 at 8:16 am
SHARE

Food-Safety-And-Standards-Authority-of-India

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മന്ത്രിസഭയുടെ പരിഗണനക്കെത്തിയ ബില്ലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്‍ നാളെ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. രാജ്യത്തെ ആകെ ജനസംഖ്യയുടെ 67 ശതമാനം പേര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ബില്‍.

ഗ്രാമ പ്രദേശങ്ങളില്‍ 75 ശതമാനവും നഗരത്തില്‍ 50 ശതമാനവും പേരെ ഭക്ഷ്യ സുരക്ഷാ ബില്ലിന് കീഴില്‍ കൊണ്ടുവരും. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ യു പി എയുടെ പ്രധാന പ്രചാരണവിഷയമായിരിക്കും ഭക്ഷ്യ സുരക്ഷാ ബില്‍. യു പി എ അധ്യക്ഷ സോണിയാ ഗാന്ധി കൂടി അംഗമായ ദേശീയ ഉപദേശക സമിതിയാണ് ഇത്തരമൊരു ബില്‍ നിര്‍ദേശിച്ചത്. നേരത്തെയും ബില്‍ പാസാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ബില്ലിലെ ചില വ്യവസ്ഥകളോട് സംസ്ഥാനങ്ങള്‍ക്കുള്ള വിയോജിപ്പ് മൂലമാണ് താമസിപ്പിച്ചത്.
ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഏഴ് കിലോ വരെ ഭക്ഷ്യ ധാന്യം ലഭിക്കും. മൂന്ന് രൂപക്ക് അരിയും രണ്ട് രൂപക്ക് ഗോതമ്പും ഒരു രൂപക്ക് ഇതര ധാന്യങ്ങളും ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് മൂന്ന് കിലോ ഭക്ഷ്യധാന്യങ്ങളായിരിക്കും ലഭിക്കുക. സബ്‌സിഡി തുകയുടെ പകുതി നല്‍കി വേണം ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാന്‍. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, കുട്ടികള്‍ക്കുള്ള സംയോജിത സേവന വികസന പദ്ധതി, ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും സൗജന്യ ഭക്ഷണം എന്നിവയും ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയില്‍ വരും.
മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ഭക്ഷ്യ മന്ത്രി കെ വി തോമസാണ് ഭക്ഷ്യസുരക്ഷാ ബില്ലിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടേക്കും. കാബിനറ്റ് യോഗത്തിന് മുന്നോടിയായി മറ്റു മന്ത്രിമാര്‍ നേരത്തെ ഉന്നയിച്ച ആശങ്കകള്‍ക്കുള്ള മറുപടി മന്ത്രി കെ വി തോമസ് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ബില്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 607.4 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.