Connect with us

Kerala

ചാക്ക് രാധാകൃഷ്ണന്‍ അറസ്റ്റില്‍

Published

|

Last Updated

ചാക്ക് രാധാകൃഷ്ണന്‍

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണനെന്ന ചാക്ക് രാധാകൃഷ്ണനെ സി ബി ഐ അറസ്റ്റ് ചെയ്തു. ശശീന്ദ്രന്റെ മരണം അന്വേഷിക്കുന്ന സി ബി ഐയുടെ തിരുവനന്തപുരം യൂനിറ്റാണ് അറസ്റ്റ് ചെയ്തത്. 2004-06 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്‌സില്‍ നടന്ന വ്യാപകമായ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് ശശീന്ദ്രന്‍. ഈ അഴിമതിയില്‍ വി എം രാധാകൃഷ്ണന് സുപ്രധാനമായ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ശശീന്ദ്രനെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശീന്ദ്രന്റെ ഭാര്യ ടീനയുടെ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് സി ബി ഐക്ക് കൈമാറിയത്. 2011 ജനുവരി 11നായിരുന്നു കഞ്ചിക്കോട്ടെ വീട്ടില്‍ ശശീന്ദ്രന്‍, മക്കളായ വിവേക്, വ്യാസന്‍ എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് ഒരുങ്ങിയപ്പോഴാണ് ടീന ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ മൂന്നാം പ്രതിയാണ് രാധാകൃഷ്ണന്‍. മലബാര്‍ സിമന്റസിലെ അഴിമതി സംബന്ധിച്ച് നിരവധി വിജിലന്‍സ് കേസുകളിലെ പ്രതി കൂടിയാണ് സൂര്യ ഗ്രൂപ്പ് മേധാവിയായ രാധാകൃഷ്ണന്‍.
രാധാകൃഷ്ണണനെ സി ബി ഐ രണ്ട് തവണ ചോദ്യം ചെയ്യുകയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഓഫീസുകളിലും പല തവണ സി ബി ഐ റെയ്ഡ് നടത്തുകയും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ കണ്ടെത്തുകയും ചെയ്തു. മലബാര്‍ സിമന്റ്‌സ് എം ഡി സുന്ദരമൂര്‍ത്തി കേസിലെ ഒന്നാം പ്രതിയും എം ഡിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായ സൂര്യനാരായണണ്‍ രണ്ടാം പ്രതിയുമാണ്.—തിരുവനന്തപുരം സി ബി ഐ യൂനിറ്റിലെ എസ് പി ജോസ് തോമസും ഡി വൈ എസ് പി നന്ദകുമാറും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും. പാലക്കാട് ഡി പി ഒ റോഡിലുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന ശേഷം റസ്റ്റ് ഹൗസില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് എറണാകുളത്തേക്ക് കൊണ്ടുപോയി.
അടുത്തിടെ സൂര്യനാരായണന്റെ സഹോദരന്‍ സതീന്ദ്രന്‍ കോയമ്പത്തൂര്‍ ഉക്കടത്ത് വെച്ച് മരിച്ചിരുന്നു. ഇതു സംബന്ധിച്ചും വിവാദ വ്യവസായിയെക്കുറിച്ച് ആരോപണം ഉയര്‍ന്നു. മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു മരിച്ച സതീന്ദ്രന്‍. ഈ കേസും സി ബി ഐ അന്വേഷിക്കണമെന്ന് സതീന്ദ്രന്റെ ഭാര്യയും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest