Connect with us

Malappuram

യു പി സ്‌കൂളുകളിലെ ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു

Published

|

Last Updated

അരീക്കോട്: മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ 73 യു പി സ്‌കൂളുകളിലേക്കുള്ള ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. സ്‌കൂള്‍ അധികൃതരോട് യാതൊരു കാരണവും അറിയിക്കാതെയാണ് നടപടി. മലപ്പുറം ജില്ലയില്‍ 52 ഉം പത്തനംതിട്ടയില്‍ 21 ഉം സ്‌കൂളുകളുടെ കണക്ഷനാണ് വിഛേദിച്ചത്. ഇന്നലെയാണ് മിക്ക സ്‌കൂളുകളും വിവരമറിയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കണക്ഷന്‍ വിഛേദിച്ചതെന്ന് ബി എസ്എന്‍എല്‍ അധികൃതര്‍ നല്‍കുന്ന വിവരം.
തിരുവനന്തപുരം ഓഫിസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏതാനും യു പി സ്‌കൂളുകളില്‍ മാത്രമാണ് നിലവില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളത്. ഐ ടി സ്‌കൂളിന്റെ കീഴില്‍ ഏതാനും ചില സ്‌കൂളുകളിലുണ്ടായിരുന്ന കണക്ഷനാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇപ്പോള്‍ വിഛേദിച്ചിരിക്കുന്നത്.
ഇതോടെ മാസാവസാനം ഇന്റര്‍നെറ്റ് വഴി അപ്‌ലോഡ് ചെയ്യേണ്ട പല പ്രധാന പ്രവര്‍ത്തികളും അവതാളത്തിലായി. സ്പാര്‍ക്ക് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ വഴി ശമ്പള ബില്‍ ഉള്‍പ്പെടെ സര്‍വീസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്ന തിരക്കിട്ട പ്രവൃത്തിക്കിടയിലാണ് പെട്ടെന്നുള്ള നടപടി.
മാര്‍ച്ച് മാസത്തെ ശമ്പള ബില്‍ പാസാക്കണമെങ്കില്‍ സ്പാര്‍ക്കില്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്ത് ലോക്ക് ചെയ്തിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ബില്ലിനൊപ്പം സമര്‍പ്പിക്കണമെന്ന ധനകാര്യവകുപ്പിന്റെ നിര്‍ദേശം വന്നത് ഈയിടെയാണ്. നെറ്റ് കണക്ഷന്‍ വിഛേദിച്ചതോടെ ഇത്തരം പ്രവര്‍ത്തികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്.
സര്‍വീസ് ബുക്കിലെ മുഴുവന്‍ വിവരങ്ങളും സ്പാര്‍ക്ക് വഴി അപ്‌ലോഡ് ചെയ്യുന്നതിന് ഇപ്പോള്‍ ലഭിച്ച സമയം തന്നെ അപര്യാപ്തമാണെന്നിരിക്കെ നെറ്റ് കണക്ഷന്‍ വിഛേദിക്കപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

Latest