ജില്ലക്ക് ചൂട് പിടിക്കുന്നു

Posted on: March 18, 2013 10:40 am | Last updated: March 21, 2013 at 1:14 pm
SHARE

SUNപാലക്കാട്: ജില്ല ചൂടില്‍ തിളക്കുന്നു. സംസ്ഥാനത്ത് മറ്റു ജില്ലകളില്‍ വേനല്‍മഴ ലഭിച്ച് കൊണ്ടിരിക്കുമ്പോഴും ജില്ലയില്‍ മാത്രം വേനല്‍മഴ ലഭിക്കാതെ ചൂടില്‍ വെന്തുരുകുകയാണ്. ഇന്നലെ മുണ്ടൂരില്‍ 40 ഡിഗ്രിയാണ് പകല്‍ താപനില രേഖപ്പെടുത്തിയത്. ഈ മാസം തുടര്‍ച്ചയായ രണ്ടാം നാളാണ് താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്.
മാര്‍ച്ച് ആദ്യപകുതിയിലെ അഞ്ച് നാള്‍ താപനില നാല്‍പ്പത് കടന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് നാള്‍മാത്രമാണ് താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്. 2012 മാര്‍ച്ച് 13, 16, 25, 26, 28 തീയതികളിലാണിത്.—കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുണ്ടൂരില്‍ ശരാശരി താപനില 39.—5 ഡിഗ്രിയില്‍ നിന്ന് താഴോട്ടുപോയിട്ടില്ല. അതേസമയം, ശനിയാഴ്ച പുലര്‍ച്ചെ ജില്ലയുടെ ഏതാനും ഭാഗങ്ങളില്‍ ചാറ്റല്‍മഴ പെയ്തു.
ശനിയാഴ്ച പകല്‍ നഗരത്തിലും പരിസരത്തും കത്തുന്ന ചൂടായിരുന്നു. —പകല്‍ താപനില ഉയര്‍ന്നതിനെത്തുടര്‍ന്ന് തൊഴിലുറപ്പുപദ്ധതിയുടെ തൊഴില്‍സമയം അധികൃതര്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലുള്ള സമയത്ത് മൃഗങ്ങളെ മേയാന്‍ വിടരുതെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടുതല്‍ വെള്ളവും തീറ്റയും നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സുമംഗല നിര്‍ദേശിച്ചു.

ഒറ്റപ്പാലം മേഖലയിലെ കുടിവെള്ളക്ഷാമത്തെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നത് നിര്‍ത്തിയിട്ടുണ്ട്. നാലുനാളായി 3.1 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇത് ചെറുതുരുത്തി തടയണവരെ എത്തിയിട്ടുണ്ട്. പുഴയില്‍ വെള്ളമുയര്‍ന്നതോടെ ലക്കിടി, അമ്പലപ്പാറ, ഒറ്റപ്പാലം മേഖലയിലെ കുടിവെള്ളക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. മലമ്പുഴ അണക്കെട്ടില്‍ 35.3 ദശലക്ഷണം ഘനമീറ്റര്‍ വെള്ളമാണ് നിലവിലുള്ളത്.
കഴിഞ്ഞവര്‍ഷം ഈസമയം 46.38 ദശലക്ഷം ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. ഇത്തവണ ജൂണ്‍ 30വരെ നഗരത്തിനും പരിസര പഞ്ചായത്തുകള്‍ക്കുമുള്ള കുടിവെള്ളം ഡാമിലുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, മലമ്പുഴയുടെ പ്രധാന സ്രോതസ്സുകളായ മൈലാടിപ്പുഴ, ഒന്നാംപുഴ എന്നിവയില്‍ പേരിനുമാത്രമേ നീരൊഴുക്കുള്ളൂ.