Connect with us

International

സിറിയ: അലെപ്പോയില്‍ ആയുധ ഡിപ്പോ വിമതര്‍ പിടിച്ചെടുത്തു

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന വിമത പ്രക്ഷോഭം കഴിഞ്ഞ ദിവസം വീണ്ടും ശക്തമായി. തലസ്ഥാനമായ ദമസ്‌കസിന്റെ സമീപ പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് ദമസ്‌കസ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അലെപ്പോ പ്രവിശ്യയിലെ ഖാന്‍ തോമന്‍ ഗ്രാമത്തിലുള്ള സൈന്യത്തിന്റെ ആയുധ ഡിപ്പോകള്‍ പിടിച്ചെടുത്തതായി വിമത സൈന്യം അവകാശപ്പെട്ടു.
ദമസ്‌കസിനു സമീപം ഫ്രീ സിറിയന്‍ ആര്‍മിയും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പല പ്രദേശങ്ങളും വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സിറിയയില്‍ പ്രക്ഷോഭം രണ്ട് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് വിമതരുടെ തീരുമാനം. മൂന്ന് ദിവസം തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് ദക്ഷിണ അലെപ്പോയിലെ ആയുധ ഡിപ്പോകള്‍ വിമതര്‍ പിടിച്ചെടുത്തത്. എന്നാല്‍, വന്‍തോതില്‍ ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നില്ലെന്നും ഭൂരിഭാഗവും മാസങ്ങള്‍ക്കു മുമ്പെ ഇവിടെ നിന്ന് മാറ്റിയതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, മുന്‍ കൃഷി മന്ത്രി അസദ് മുസ്തഫയെ പ്രധാനമന്ത്രിയായി സിറിയയുടെ വിമത പ്രതിപക്ഷം തിരഞ്ഞെടുത്തേക്കുമെന്ന് സൂചനയുണ്ട്. തുര്‍ക്കിയില്‍ ഈ ആഴ്ച നടക്കുന്ന വിമത ഗ്രൂപ്പുകളുടെ സമ്മേളനത്തില്‍ ഇതിനായുള്ള വോട്ടെടുപ്പ് നടക്കും.
പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ ഭരണസമയത്തുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Latest