സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതി അവതാളത്തില്‍

Posted on: March 17, 2013 7:50 am | Last updated: March 18, 2013 at 10:27 am

wasteകൊടുവള്ളി:’മാലിന്യമുക്ത കേരളം’ ലക്ഷ്യമാക്കി ശുചിത്വ മിഷന്‍ തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ശുചിത്വ ഗ്രാമം പദ്ധതി അവതാളത്തില്‍. സര്‍ക്കാര്‍ വിഹിതം അടക്കാത്തതാണ് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശുചിത്വ ഗ്രാമം പദ്ധതിയുടെ സെമിനാറുകള്‍ സംഘടിപ്പിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും ഗൗരവമായ പ്രശ്‌നങ്ങളിലൊന്നാണ് മാലിന്യമെന്നതിനാല്‍, മാലിന്യത്തിന്റെ ഉറവിടത്തില്‍ തന്നെ സംസ്‌കരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വീടുകളില്‍ വിവിധങ്ങളായ മാലിന്യ നിര്‍മാര്‍ജന സാമഗ്രികള്‍ സബ്‌സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതില്‍ 75 ശതമാനം തുക സര്‍ക്കാര്‍ ശുചിത്വ മിഷന്‍ മുഖേനയും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃവിഹിതവുമായി അടക്കണം.
പദ്ധതിയില്‍പ്പെട്ട ഒന്നാണ് പിറ്റ് കമ്പോസ്റ്റിംഗ്. തൊഴിലുറപ്പ് തൊഴിലാളികളാണ് പിറ്റ് കമ്പോസ്റ്റിംഗ് നിര്‍മിക്കേണ്ടത്. മറ്റൊന്നാണ് റിംഗ് കമ്പോസ്റ്റിംഗ്, ഒരു യൂനിറ്റിന് 1800 രൂപയാണ് ചെലവ്. 1350 രൂപ ശുചിത്വ മിഷനും ഗ്രാമപഞ്ചായത്ത് 15 ശതമാനം തുകയായ 270 രൂപയും ഗുണഭോക്താവ് പത്ത് ശതമാനമായ 180 രൂപയുമാണ് നല്‍കേണ്ടത്. മറ്റൊന്നാണ് മണ്ണിര കമ്പോസ്റ്റ്. 800 രൂപയാണ് മൊത്തം ചെലവ്. ശുചിത്വ മിഷന്‍ 600 രൂപ, ഗ്രാമപഞ്ചായത്ത് 120 രൂപ, ഗുണഭോക്താവ് 80 രൂപ എന്നിങ്ങനെയാണ് വിഹിതം നല്‍കേണ്ടത്. മറ്റൊന്ന് പൈപ്പ് കമ്പോസ്റ്റിംഗ്. കോളനികളിലും ചെറിയ സ്ഥലങ്ങളിലും ജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ആധുനിക രീതിയിലുള്ള പദ്ധതിയാണിത്. യൂനിറ്റിന് 893 രൂപയാണ് ചെലവ്. ശുചിത്വമിഷന്‍ 669.75 രൂപ, പഞ്ചായത്ത് 133.95, ഗുണഭോക്താവ് 89 രൂപയുമാണ് വിഹിതം നല്‍കേണ്ടത്.
മറ്റൊന്നാണ് ബയോഗ്യാസ് പ്ലാന്റ്. 5000 രൂപ ശുചിത്വ മിഷന്‍ സബ്‌സിഡിയായി നല്‍കുന്ന പദ്ധതിയാണിത്. പത്ത് ശതമാനമാണ് ഗുണഭോക്തൃ വിഹിതം. അതുപോലെ കച്ചവടസ്ഥാപനങ്ങള്‍, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, അങ്കണ്‍വാടികള്‍, പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ വലിയ രീതിയില്‍ ജനതാമസമുള്ള യതീംഖാനകള്‍, ലോഡ്ജുകള്‍, സ്‌കൂളുകള്‍ എന്നീ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അമ്പത് ശതമാനം ശുചിത്വ മിഷന്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്. ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡ് വീതം ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന് സമര്‍പ്പിച്ചിട്ടും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ പാതി വഴിയില്‍ നിലച്ചിരിക്കയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ സര്‍ക്കാര്‍ ശുചിത്വ മിഷന് പണം നല്‍കിയില്ലെങ്കില്‍ പഞ്ചായത്തുകള്‍ ശുചിത്വ മിഷന് നല്‍കിയ പണവും ഗുണഭോക്തൃ വിഹിതവും പാഴാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.