Connect with us

Education

സംസ്ഥാനതല യോഗ്യതാ പരീക്ഷ (സെറ്റ്) ജൂണ്‍ 16ന്

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂണ്‍ 16ന് നടത്തും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത രണ്ടാം ക്ലാസ് ബീരുദാനന്തര ബിരുദവും, ബി എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. എല്‍ ടി ടി സിയോ ഡി എച്ച് ടിയോ അല്ലാതെയുള്ള ട്രെയിനിംഗ് യോഗ്യതകള്‍ ബി എഡിന് തുല്യമായി പരിഗണിക്കില്ല.
എസ് സി /എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടാം ക്ലാസ് എന്ന നിബന്ധന ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. ലാറ്റിന്‍ വിഷയത്തില്‍ സെറ്റ് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ ഡിഗ്രിതലത്തില്‍ ലാറ്റിന്‍ സെക്കന്‍ഡ് ലാംഗ്വേജായി എടുത്ത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും (ലാറ്റിന്) ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്‍ഡ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയവരായിരിക്കണം. അടിസ്ഥാന യോഗ്യതയില്‍ ഒന്ന് മാത്രം നേടിയവര്‍ക്ക് ഇനിപ്പറയുന്ന നിബന്ധനകള്‍ ബാധകമാണ്. 1)പി ജി ബിരുദം മാത്രം നേടിയവര്‍ 2012 ല്‍ ബി എഡിന് പ്രവേശനം ലഭിച്ചവരായിരിക്കണം. 2)ബി എഡ് ബിരുദം മാത്രം നേടിയവര്‍ 2012-13 അധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ/സെമസ്റ്റര്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പരീക്ഷ എഴുതുന്നവരായിരിക്കണം. 3) മേല്‍പ്പറഞ്ഞ നിബന്ധന പ്രകാരം (1&2) സെറ്റ് പരീക്ഷ എഴുതുന്നവര്‍ക്ക് സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവര്‍ ഈ അവസരത്തില്‍ തന്നെ പി ജി/ബി എഡ് പരീക്ഷകള്‍ പാസായിരിക്കണം. പി ജി/ബി എഡ് പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ സെറ്റ് പരീക്ഷ എഴുതാന്‍ യോഗ്യരല്ല.
കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും, ഇലക്ട്രോണിക്‌സിലും സെറ്റ് പരീക്ഷ നടത്തുന്നതല്ല. എല്ലാ വിഷയങ്ങളുടെയും സിലബസ് എല്‍ ബി എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജനറല്‍/ഒ ബി സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും, എസ് സി/എസ് ടി./വി.എച്ച്./പി.എച്ച്. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കിയാല്‍ കേരളത്തിലെ ഹെഡ് പോസ്റ്റാഫീസുകളില്‍ നിന്ന് പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും ഈ മാസം 18 മുതല്‍ ഏപ്രില്‍ 17 വരെ ലഭിക്കും.
കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നും എല്‍ ബി എസ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപ ഡി ഡിയും എസ് സി/എസ് ടി/വി എച്ച്/പി എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപ ഡി ഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31 സെമി. 25 സെമി.) കവറും സഹിതം ഡയറക്ടര്‍ എല്‍ ബി എസ് സെന്റര്‍ പോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം മേല്‍വിലാസത്തില്‍ ഏപ്രില്‍ ആറിനകം അപേക്ഷിക്കണം. എസ് സി./എസ്.ടി./വി.എച്ച്./പി.എച്ച്. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 2013 ഏപ്രില്‍ 17 ന് അഞ്ച് മണിക്കുമുമ്പായി എല്‍ ബി എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേ ദിവസം മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷാഫോം ലഭിക്കുന്ന ഹെഡ് പോസ്റ്റാഫീസുകള്‍. തിരുവനന്തപുരം ജി പി ഒ., തൈക്കാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോഡ്, കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി.