Connect with us

Editorial

ജെ പി സി സംവിധാനത്തെ അട്ടിമറിക്കരുത്

Published

|

Last Updated

siraj copyജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും ശക്തവും സുതാര്യവും ഫലപ്രദവുമായ അന്വേഷണ സംവിധാനമാണ് സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റിയും(ജെ പി സി ), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി എ സി)യും. പാര്‍ലിമെന്റിന്റെ ഇരു സഭകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സമിതികള്‍ പാര്‍ലിമെന്റിന്റെ കൊച്ചു പതിപ്പുകള്‍ തന്നെയാണ്. ഭരണപക്ഷത്തിനാണ് കമ്മിറ്റിയില്‍ മേധാവിത്വമുണ്ടാകുകയെങ്കിലും അതിന്റെ പ്രവര്‍ത്തനത്തില്‍ അതൊന്നും പ്രകടമാകില്ലെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. നാളിതുവരെ, ഏറ്റവും ഒടുവില്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാടിലെ കൈക്കൂലി ആരോപണം വരെ, ആറ് ജെ പി സികള്‍ രൂപവത്കൃതമായിട്ടുണ്ട്. ഇവയില്‍ അവസാനത്തെ രണ്ടെണ്ണത്തില്‍ 2011ലെ 2 ജി സ്‌പെക്ട്രം കുംഭകോണം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണ്. 2013ലെ വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാടിലെ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ പ്രഖ്യാപിച്ച ജെ പി സി കരുപ്പിടിപ്പിച്ചുവരുന്നതേയുള്ളു. 1987ലെ ബോഫോഴ്‌സ് പീരങ്കിത്തോക്ക് ഇടപാടിലെ കൈക്കൂലിയടക്കം മറ്റു നാല് അന്വേഷണങ്ങള്‍ക്കായി നികുതിദായകന്റെ കോടിക്കണക്കിന് രൂപ പൊടിപൊടിച്ചിട്ടും ഫലം മാത്രമുണ്ടായില്ല. ബോഫോഴ്‌സ് ഇടപാടില്‍ അവിഹിതമായി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിട്ടും ഒട്ടോവിയോ കൊത്‌റോച്ചിയെ പോലുള്ള പെരുങ്കള്ളന്മാര്‍ സര്‍വതന്ത്രസ്വതന്ത്രരായി കഴിയുന്നു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യന്‍ നികുതിദായകരുടെ പണം ദുര്‍വ്യയം ചെയ്യുകയായിരുന്നുവെന്ന് പറയേണ്ടിവരുന്ന അവസ്ഥ.
1.86 ലക്ഷം കോടി രൂപ രാഷ്ട്ര ഖജനാവിന് നഷ്ടപ്പെടുത്തിയെന്ന് സി എ ജി കണ്ടെത്തിയ 2 ജി സ്‌പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ജെ പി സി അന്വേഷണത്തിന്റെ ഗതിയും വ്യത്യസ്തമായിരിക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. ജെ പി സിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്‍മികത്വത്തില്‍ ഒത്തുകളികള്‍ നടത്തിയതിന് മതിയായ തെളിവുകള്‍ പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ജെ പി സിക്ക് മുന്നില്‍ സാക്ഷികളായി ഹാജരാകേണ്ടവരും വിളിക്കപ്പെടേണ്ടവരും “ഈച്ച പതിപ്പ്” മറുപടി നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ കാര്‍മികത്വത്തില്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനാവശ്യമായ തെളിവുകളും വാര്‍ത്താമാധ്യമങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. “തത്തമ്മേ പൂച്ച പൂച്ച….” എന്ന മട്ടില്‍ സാക്ഷികള്‍ നല്‍കിയ മൊഴികളെല്ലാം സമാനം. ഇതിനായി സാക്ഷികള്‍ക്ക് പ്രത്യേക പരിശീലനം തന്നെ നല്‍കി. സ്റ്റീരിയോടൈപ്പ് മൊഴികള്‍ എല്ലാ സാക്ഷികളും നല്‍കിയ കാര്യം ചൂണ്ടിക്കാട്ടി ജെ പി സിയിലെ സി പി ഐ അംഗം ഗുരുദാസ് ദാസ്ഗുപ്ത ജെ പി സി അധ്യക്ഷനായ പി സി ചാക്കോവിന് കത്തയച്ചിട്ടും കാര്യമുണ്ടായില്ല.
2 ജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി എന്നിവര്‍ കൂട്ടായാണ് എല്ലാ തീരുമാനങ്ങളുമെടുത്തതെന്ന് അന്നത്തെ ടെലികാം മന്ത്രി എ രാജ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. ഇടപാടില്‍ അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാല്‍, ഇടപാടിലെ ക്രമക്കേടുകള്‍ ഓരോന്ന് മറ നീക്കി പുറത്തുവന്നത് പിന്നീടാണ്. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്ക് നേരെ കൂടി സംശയത്തിന്റെ നിഴല്‍ നീണ്ടത് ഈ ഘട്ടത്തിലാണ്. ഇവരെ സാക്ഷികളായി വിളിച്ചുവരുത്തണമെന്ന ആവശ്യം കമ്മിറ്റി അധ്യക്ഷന്‍ പി സി ചാക്കോ അംഗീകരിച്ചതേയില്ല. കൂട്ടായി എടുത്ത തീരുമാനത്തിന് തന്നെ മാത്രം പഴിചാരിക്കൊണ്ട് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ സാക്ഷിയായി തന്നെ വിസ്തരിക്കണമെന്ന എ രാജയുടെ ആവശ്യവും ചാക്കോ അംഗീകരിച്ചിട്ടില്ല. എ ജിയുടെ മൊഴി സംബന്ധിച്ച് പറയാനുള്ളത് എഴുതി നല്‍കാനാണ് ചാക്കോ രാജയോട് ആവശ്യപ്പെട്ടത്. വഹന്‍വതിയുടെ മൊഴിയുടെ കോപ്പി പോലും നല്‍കാതെയുള്ള ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് രാജ വ്യക്തമാക്കി. തന്നില്‍ നിന്നും മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് രാജ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ ഒഴികെ കമ്മിറ്റിയിലെ മറ്റു കക്ഷികളുടെ പ്രതിനിധികള്‍ രാജയെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന നിലപാടിലാണ്.
സാക്ഷികളെ ഒരുക്കാന്‍ കാബിനറ്റ് സെക്രട്ടറി തലത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കൂടിയാലോചനകള്‍ ജെ പി സി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. 2 ജി സ്‌പെക്ട്രം കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ സി ബി ഐ അഭിഭാഷകന്‍ പ്രതിസ്ഥാനത്തുള്ള കമ്പനി ഉടമക്ക് ചോര്‍ത്തി നല്‍കിയതുമെല്ലാം ചേര്‍ത്തു വായിച്ചാല്‍ ജെ പി സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് സംശയിച്ചാല്‍ ആരേയും കുറ്റപ്പെടുത്താനാകില്ല.