ധവാന്റെ വെടിക്കെട്ട്; ഇന്ത്യ ശക്തമായ നിലയില്‍

Posted on: March 16, 2013 1:10 pm | Last updated: March 17, 2013 at 11:55 am

lllllllമൊഹാലി: ശിഖര്‍ ധവാന്‍ എന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു – മിന്നല്‍പ്പിണര്‍ പോലൊരു സെഞ്ച്വറി നേടിക്കൊണ്ട്. മൊഹാലിയുടെ മോഹപ്പിച്ചില്‍ 85 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശിഖര്‍ ധവാന്‍ അരങ്ങേറ്റത്തിലെ അതിവേഗ സെഞ്ച്വറി സ്വന്തം പേരില്‍ ചേര്‍ത്തു. 2004 ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കേപ്ടൗണില്‍ വെസ്റ്റിന്‍ഡീസിന്റെ ഡ്വെയിന്‍ സ്മിത് 93 പന്തില്‍ സെഞ്ച്വറി നേടിയത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 68 പന്തില്‍ 185 റണ്‍സുമായി ശിഖര്‍ ധവാന്‍ പുറത്താകാതെ നില്‍ക്കുകയാണ്. 83 റണ്‍സോടെ മുരളി വിജയും ക്രീസിലുണ്ട്.
മൊഹാലിയില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 283. ആസ്‌ത്രേലിയ ഒന്നാമിന്നിംഗ്‌സില്‍ 408ന് ആള്‍ ഔട്ട്. മിച്ചല്‍ സ്റ്റാര്‍ചിനും (99), സ്റ്റീവന്‍ സ്മിതിനും (92) സെഞ്ച്വറി നഷ്ടമായി. ഇഷാന്ത്ശര്‍മയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
നേരിട്ട ആദ്യ പന്തില്‍ തന്നെ ധവാന്‍ പുറത്തായിരുന്നു. സ്റ്റാര്‍ചിന്റെ കൈയ്യില്‍ നിന്ന് വഴുതിയ പന്ത് തട്ടി ബെയില്‍ വീഴുമ്പോള്‍ ധവാന്‍ ക്രീസിലുണ്ടായിരുന്നില്ല. എന്നാല്‍, ഓസീസ് കളിക്കാര്‍ ഇത് ശ്രദ്ധിച്ചില്ല. അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുടെ അരങ്ങേറ്റക്കാരന് നിരാശനായി മടങ്ങേണ്ടി വരുമായിരുന്നു. എന്നാല്‍, ഭാഗ്യം തുണച്ചു.
ധവാന്‍ പിന്നീട് പിഴവറ്റ ഇന്നിംഗ്‌സ് കാഴ്ചവെച്ചു. മുപ്പത്തിമൂന്ന് തവണ ഫോറും രണ്ട് തവണ സിക്‌സറും പറത്തിയ ധവാന്‍ ആസ്‌ത്രേലിയന്‍ ബൗളര്‍മാരോട് യാതൊരു മര്യാദയും കാണിച്ചില്ല. 50 പന്തില്‍ ധവാന്‍ 50 റണ്‍സടിച്ചപ്പോള്‍ അതില്‍ 48 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു. 85 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ധവാന്‍ അധികം വൈകാതെ മറ്റൊരു റെക്കോര്‍ഡും തകര്‍ത്തു. അരങ്ങേറ്റത്തിലെ ഉയര്‍ന്ന ഇന്ത്യന്‍ വ്യക്തിഗത സ്‌കോറായ ഗുണ്ടപ്പ വിശ്വനാഥിന്റെ 137 റണ്‍സ് മറികടന്നു. 1969-70ല്‍ ഈഡന്‍ഗാര്‍ഡനില്‍ ആസ്‌ത്രേലിയക്കെതിരെ ആയിരുന്നു ഗുണ്ടപ്പ വിശ്വനാഥിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.
മൊഹാലിയില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യുയുടെ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ശിഖര്‍-മുരളി സഖ്യത്തിന്റെതാണ്. 418 റണ്‍സാണ് ഇന്നലെ ഒരൊറ്റ ദിവസം സ്‌കോര്‍ ചെയ്യപ്പെട്ടത്. അവസാന സെഷനില്‍ ഇന്ത്യ 127 റണ്‍സടിച്ചത് അതിവേഗത്തിലായിരുന്നു. പത്ത് ഫോറും രണ്ട് സിക്‌സറുകളുമാണ് മുരളി വിജയിന്റെ ഇന്നിംഗ്‌സിലുള്ളത്.
131 പന്തില്‍ ശിഖര്‍ ധവാന്‍ 150 സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് ടെസ്റ്റ് ക്രിക്കറ്റിന് അപരിചിതമായ 114.50ലായിരുന്നു. അവസാന സെഷന്‍ ആരംഭിക്കുമ്പോള്‍ ധവാന്റെ സ്‌കോര്‍ 105 ആയിരുന്നു. പന്ത്രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറുകളും പിറന്ന സെഷന്‍ അവസാനിക്കുമ്പോള്‍ സ്‌കോര്‍ 185ല്‍. വ്യക്തിഗത സ്‌കോര്‍ 111 ലെത്തിയപ്പോഴാണ് ധവാന്‍ ആദ്യ സിക്‌സര്‍ പറത്തിയത്.
നഥാന്‍ ലിയോണിനെയാണ് ഇടങ്കയ്യന്‍ വേലിക്കെട്ടിന് പുറത്തേക്ക് ശിക്ഷിച്ചത്. ഓഫ് സൈഡ് പ്ലേയില്‍ സൗരവ് ഗാംഗുലിയെയും ഡേവിഡ് ഗവറിനെയും അനുസ്മരിപ്പിച്ച ധവാന്‍ അരങ്ങേറ്റക്കാരന്റെ അസ്വസ്ഥതകളില്ലാതെയാണ് ഓരോ പന്തും നേരിട്ടത്.