ടി പി കേസ് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിമൊഴി

Posted on: March 16, 2013 11:56 am | Last updated: March 16, 2013 at 11:56 am
SHARE

tp slugകോഴിക്കോട്: ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തില്‍പ്പെട്ട കൊടിസുനി, മുഹമ്മദ് ഷാഫി, ലംബു പ്രദീപന്‍ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സാക്ഷിയുടെ മൊഴി. പതിനെട്ടാം സാക്ഷിയും ആര്‍ എസ് എസ് പൊയിലൂര്‍ മണ്ഡലം സേവാ പ്രമുഖുമായ സന്തോഷ് ‘ഭവനില്‍ സന്തോഷാണ് മാറാട് പ്രത്യേക സെഷന്‍സ് കോടതി മുമ്പാകെ മൊഴി നല്‍കിയത്. അനൂപ്, സിനോജ്, കൊടിസുനി, മുഹമ്മദ് ഷാഫി, ലംബു പ്രദീപന്‍ എന്നീ പ്രതികളെയും ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും കോടതി മുറിയില്‍ സന്തോഷ് തിരിച്ചറിഞ്ഞു.
ടി പി വധിക്കപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് ചൊക്ലി ടൗണിലെ ടാക്‌സി സ്റ്റാന്‍ഡിനടുത്ത് വെച്ച് 2012 മേയ് നാലിന് വൈകുന്നേരം 4.30നാണ് കൊടി സുനിയും മറ്റുള്ളവരും തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
സുഹൃത്ത് പൊയിലൂര്‍ കുറ്റിയാട്ടൂര്‍ ചാലില്‍ രമേശന് പെണ്ണ് കാണുന്നതിനായി കവിയൂരിലേക്ക് ജീപ്പില്‍ പുറപ്പെടാനിക്കുകയായിരുന്നു. തങ്ങളുടെ കൂടെ പോരേണ്ട വിവാഹ ബ്രോക്കറെ കാത്തിരിക്കുന്നതിനിടെയാണ് കൊടി സുനി, ഷാഫി എന്നിവര്‍ ഇന്നോവ കാറിലെത്തിയത്. തന്റെ കൂടെ രമേശനും മറ്റൊരു സുഹൃത്തായ വിളക്കോട്ടൂര്‍ കുനിയില്‍ രാജീവനും ഉണ്ടായിരുന്നു. താന്‍ ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. രാജീവനും രമേശനും പിന്‍സീറ്റിലായിരുന്നു. കൊടി സുനിയും ഷാഫിയും മറ്റും ഇളംനിറത്തിലുള്ള ഇന്നോവ കാറിലാണ് എത്തിയത്. ജീപ്പിന്റെ അടുത്ത് കാര്‍ നിര്‍ത്തി.
സുനിയും ഷാഫിയും ജീപ്പിനടുത്തെത്തി തങ്ങളോട് എന്താ നിങ്ങളുടെ ഉദ്ദേശ്യമെന്നും എന്തിനാണ് വന്നതെന്നും ചോദിച്ചു. മുഹമ്മദ് ഷാഫി ജീപ്പിന്റെ മുന്‍വശത്തെ സ്റ്റെപ്പില്‍ കയറി നിന്ന് തന്റെ ഷര്‍ട്ട് പിടിച്ചുവലിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലേക്ക് എറിയുകയും ചെയ്തു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ സുനിലും കൂടെയുണ്ടായിരുന്നവരും ജീപ്പിന്റെ മാറ്റ് ഉയര്‍ത്തി പരിശോധിച്ചു. രാജീവിനെയും രമേശനെയും തള്ളുകയും ചെയ്തു. സി പി എമ്മിന്റെ സ്ഥിരം ഗുണ്ടകളാണ് ഇവരെന്ന് അറിയുന്നതിനാല്‍ പെട്ടെന്ന് തന്നെ പാനൂര്‍ സി ഐ ഓഫീസില്‍ പരാതി നല്‍കിയതായും സന്തോഷ് മൊഴി നല്‍കി.