ആധാര്‍ കാര്‍ഡില്‍ വ്യാപക പിശകുകള്‍

Posted on: March 16, 2013 11:53 am | Last updated: March 16, 2013 at 11:53 am
SHARE

താമരശ്ശേരി: ആധാര്‍ കാര്‍ഡുകളിലെ പിശകുകള്‍ ഗുണഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പിഴവുകള്‍ തിരുത്താന്‍ പണം ആവശ്യപ്പെടുന്നതിനാല്‍ പലരും ഇവ തിരുത്താതെ മടങ്ങുകയാണ്.
താമരശ്ശേരി വാടിക്കല്‍ ഉസ്സയിനും കുടുംബത്തിനുമായി ലഭിച്ച അഞ്ച് ആധാര്‍ കാര്‍ഡുകളില്‍ ഉസ്സയിന്റെ പേര് വിവിധ രൂപങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉസ്സയിന്റെ സ്വന്തം കാര്‍ഡില്‍ ഉസ്സിയന്‍ എന്നും മകളുടെ കാര്‍ഡില്‍ പിതാവിന്റെ പേര് ഉസ്സിഅന്‍ എന്നുമാണ്. മകന്റെ കാര്‍ഡിലാവട്ടെ പിതാവ് ഉസ്സയിനും. ഉസ്സയിന്റെ കാര്‍ഡില്‍ പിതാവിന്റെ പേര് ഇംഗ്ലീഷില്‍ അയമ്മദ് ഹാജിയും മറുവശത്ത് മലയാളത്തില്‍ ആയമ്മേദ് ഹാജിയുമാണ്. താമരശ്ശേരിയിലെ അക്ഷയ കേന്ദ്രത്തില്‍ നിന്നാണ് ഉസ്സയിന്റെ ആധാര്‍ കാര്‍ഡിനുള്ള രേഖകള്‍ തയ്യാറാക്കിയത്. അക്ഷയ കേന്ദ്രത്തില്‍ നിന്നുണ്ടായ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഓരോ കാര്‍ഡിനും 50 രൂപ വീതം നല്‍കിയാല്‍ തിരുത്തി നല്‍കാമെന്നാണത്രെ പറഞ്ഞത്. ഇത്തരത്തില്‍ തെറ്റായ വിവരങ്ങളടങ്ങിയ കാര്‍ഡുമായി പലരും അക്ഷയ കേന്ദ്രത്തിലെത്തുന്നുണ്ട്.
പലരും തിരുത്തല്‍ വരുത്താതെ മടങ്ങാറുമാണ് പതിവ്. ആധാര്‍ തിരിച്ചറിയലിനുള്ള രേഖയാണ് എന്നാണ് കാര്‍ഡിന്റെ മറുവശത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം തെറ്റായ വിവരങ്ങളടങ്ങിയ കാര്‍ഡ് ഉടമകളെ എങ്ങനെ തിരിച്ചറിയുമെന്നാണ് ഗുണപോക്താക്കള്‍ ചോദിക്കുന്നത്.